YouVersion Logo
Search Icon

വെളി. 13

13
സമുദ്രത്തിൽനിന്ന് കയറിവന്ന മൃഗം
1അപ്പോൾ പത്തു കൊമ്പുകളും ഏഴു തലകളും കൊമ്പുകളിൽ പത്തു കിരീടങ്ങളും തലയിൽ ദൈവത്തെ നിന്ദിക്കുന്ന പേരുകളും ഉള്ളൊരു മൃഗം സമുദ്രത്തിൽനിന്നു കയറി വരുന്നത് ഞാൻ കണ്ടു. 2ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലെയും അതിന്‍റെ കാലുകൾ കരടിയുടെ കാലുകൾ പോലെയും വായ് സിംഹത്തിന്‍റെ വായ്പോലെയും ആയിരുന്നു. അതിന് സർപ്പം തന്‍റെ ശക്തിയും ഇരിപ്പിടവും വലിയ അധികാരവും കൊടുത്തു.
3മൃഗത്തിന്‍റെ തലകളിൽ ഒന്നിൽ മാരകമായ ഒരു മുറിവുള്ളതായി കാണപ്പെട്ടു; എന്നാൽ മാരകമായ ആ മുറിവ് സൗഖ്യമായി; സർവ്വഭൂമിയും മൃഗത്തെ കണ്ടു അതിശയിച്ചു. 4മൃഗത്തിന് തന്‍റെ അധികാരം കൊടുത്ത മഹാസർപ്പത്തെ അവർ ആരാധിച്ചു: മൃഗത്തെപ്പോലെ ആരുള്ളു? അതിന് എതിരെ പൊരുതുവാൻ ആർക്ക് കഴിയും? എന്നു പറഞ്ഞുകൊണ്ട് അവർ മൃഗത്തെയും ആരാധിച്ചു.
5അഹങ്കാരവും ദൈവനിന്ദയും പറയുന്നതിനുള്ള ഒരു വായ് അതിന് ലഭിച്ചു; നാല്പത്തിരണ്ട് മാസം പ്രവർത്തിപ്പാൻ അതിന് അധികാരം ഉണ്ടായി. 6ദൈവത്തേയും അവന്‍റെ നാമത്തേയും അവന്‍റെ കൂടാരത്തേയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും നിന്ദിപ്പാൻ വായ് തുറന്നു. 7വിശുദ്ധന്മാരോട് യുദ്ധം ചെയ്യുവാനും അവരെ ജയിക്കുവാനും അതിന് സാധിക്കുമായിരുന്നു. സകല വംശത്തിന്മേലും ഭാഷമേലും ജനതമേലും കർത്തൃത്വം നടത്തുവാൻ അവനു അധികാരം ഉണ്ടായിരുന്നു. 8ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതായ കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ പേർ എഴുതപ്പെട്ടിട്ടില്ലാത്തവരായ ഭൂവാസികൾ എല്ലാവരും അതിനെ ആരാധിക്കും.
9കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
10അടിമത്തത്തിലേക്ക് നയിക്കുന്നവർ
അടിമത്തത്തിലായിപ്പോകും;
ആരെങ്കിലും വാൾകൊണ്ടു കൊല്ലുന്നവൻ
വാളാൽ കൊല്ലപ്പെടേണ്ടിവരും;
വിശുദ്ധന്മാരുടെ സഹനവും വിശ്വാസവും ഇവിടെ ആവശ്യം.
ഭൂമിയിൽ നിന്നുള്ള മൃഗം
11പിന്നെ മറ്റൊരു മൃഗം ഭൂമിയിൽനിന്നു കയറി വരുന്നത് ഞാൻ കണ്ടു; അതിന് കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അത് മഹാസർപ്പം എന്നപോലെ സംസാരിച്ചു. 12അതിന് മുമ്പുണ്ടായിരുന്ന ഒന്നാമത്തെ മൃഗത്തിന്‍റെ അധികാരം എല്ലാം അത് ഏറ്റെടുക്കുകയും ഭൂമിയെയും അതിൽ വസിക്കുന്നവരെയും മാരകമായ മുറിവ് സൗഖ്യമായ ഒന്നാം മൃഗത്തെ ആരാധിപ്പാൻ ഇടയാക്കുകയും ചെയ്യുന്നു. 13അത് ജനങ്ങളുടെ മുമ്പിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുന്നതുപോലെയുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കയും 14ആദ്യമൃഗത്തിൻ്റെ ദൃഷ്ടിയിൽ ചെയ്യുവാൻ തനിക്കു ലഭിച്ച അനുവാദം കൊണ്ടു അത്ഭുതങ്ങൾ പ്രവർത്തിച്ച് ഭൂമിയിൽ ജീവിക്കുന്നവരെ വഞ്ചിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന്‍റെ പ്രതിമ ഉണ്ടാക്കുവാൻ ഭൂമിയിൽ ജീവിക്കുന്നവരോട് പറയുകയും ചെയ്യുന്നു. 15മൃഗത്തിന്‍റെ പ്രതിമയ്ക്ക് ജീവൻ നൽകുവാനും, പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്‍റെ പ്രതിമയെ ആരാധിക്കാത്തവരെ എല്ലാം കൊല്ലേണ്ടതിനും അതിന് അധികാരം ഉണ്ടായിരുന്നു. 16അത് ചെറിയവരും വലിയവരും സമ്പന്നന്മാരും സാധുക്കളും സ്വതന്ത്രന്മാരും അടിമകളുമായ എല്ലാവരെയും വലങ്കൈമേലോ നെറ്റിയിലോ ഒരു മുദ്ര സ്വീകരിക്കുവാനും; 17മുദ്രയോ, മൃഗത്തിന്‍റെ പേരോ, പേരിന്‍റെ സംഖ്യയോ ഇല്ലാത്ത ആർക്കും തന്നെ വാങ്ങുവാനോ വില്ക്കുവാനോ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.
18ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്‍റെ സംഖ്യ കണക്കുകൂട്ടട്ടെ: അത് ഒരു മനുഷ്യന്‍റെ സംഖ്യയത്രേ. അവന്‍റെ സംഖ്യ അറുനൂറ്റിഅറുപത്തിയാറ് (666).

Currently Selected:

വെളി. 13: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in