YouVersion Logo
Search Icon

സങ്കീ. 145

145
ഒരു സ്തോത്രഗാനം
ദാവീദിന്‍റെ ഒരു സങ്കീർത്തനം.
1എന്‍റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും;
ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും;
ഞാൻ അങ്ങേയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു;
അവിടുത്തെ മഹിമ അഗോചരമത്രേ.
4ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങേയുടെ ക്രിയകളെ പുകഴ്ത്തി
അങ്ങേയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
5അങ്ങേയുടെ പ്രതാപത്തിന്‍റെ തേജസ്സുള്ള മഹത്വത്തെയും
അങ്ങേയുടെ അത്ഭുതകാര്യങ്ങളെയും പറ്റി അവര്‍ പറയും#145:5 അവര്‍ പറയും ഞാന്‍ പറയും.
6മനുഷ്യർ അങ്ങേയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും;
ഞാൻ അങ്ങേയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും#145:6 ഞാൻ അങ്ങേയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും ഞാൻ അങ്ങേയുടെ മഹിമ വർണ്ണിക്കും.
7അവർ അങ്ങേയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും;
അങ്ങേയുടെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.
8യഹോവ കൃപയും കരുണയും
ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
9യഹോവ എല്ലാവർക്കും നല്ലവൻ;
തന്‍റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു.
10യഹോവേ, അങ്ങേയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും;
അങ്ങേയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും.
11മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും
അങ്ങേയുടെ രാജത്വത്തിന്‍റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്
12അവർ അങ്ങേയുടെ രാജ്യത്തിന്‍റെ മഹത്വം പ്രസിദ്ധമാക്കി
അങ്ങേയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും.
13അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു;
അങ്ങേയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു#145:13 അങ്ങേയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങേയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു യഹോവ തന്‍റെ എല്ലാ വാഗ്ദത്തങ്ങളോടും പ്രവര്‍ത്തികളോടും വിശ്വസ്തനാകുന്നു.
14വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു;
കുനിഞ്ഞിരിക്കുന്നവരെ എന്‍റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു.
15എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു;
അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.
16അങ്ങ് തൃക്കൈ തുറന്ന്
ജീവനുള്ളതിനെല്ലാം അങ്ങേയുടെ പ്രസാദം കൊണ്ടു തൃപ്തിവരുത്തുന്നു.
17യഹോവ തന്‍റെ സകല വഴികളിലും നീതിമാനും
തന്‍റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും,
സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.
19തന്‍റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും;
അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കും.
20യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു;
എന്നാൽ സകലദുഷ്ടന്മാരെയും അവിടുന്ന് നശിപ്പിക്കും.
21എന്‍റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും;
സകലജഡവും കർത്താവിന്‍റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.

Currently Selected:

സങ്കീ. 145: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in