YouVersion Logo
Search Icon

മത്താ. 6

6
നമ്മുടെ നന്മ പ്രവർത്തികൾ
1 മനുഷ്യർ കാണേണ്ടതിനായി നിങ്ങളുടെ നീതിപ്രവൃത്തികൾ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ ജാഗ്രതയുള്ളവരായിരിപ്പിൻ; അല്ലായെങ്കിൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽനിന്നും നിങ്ങൾക്ക് പ്രതിഫലം ലഭിക്കുകയില്ല.
2 ആകയാൽ ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ പ്രശംസിക്കപ്പെടേണ്ടതിന് പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്; അവർക്ക് പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 3നീയോ ദാനം ചെയ്യുമ്പോൾ നിന്റെ ദാനം രഹസ്യത്തിലായിരിക്കേണ്ടതിന് വലതു കൈ ചെയ്യുന്നതു എന്ത് എന്നു ഇടതുകൈ അറിയരുത്. 4രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും.
പ്രാർത്ഥിക്കുമ്പോൾ
5 നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവർ മനുഷ്യർ കാണേണ്ടതിന് പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുന്നു; അവർക്ക് പ്രതിഫലം കിട്ടിയിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 6നീയോ പ്രാർത്ഥിക്കുമ്പോൾ സ്വകാര്യമുറിയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും. 7പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ജാതികളെപ്പോലെ വ്യർത്ഥവാക്കുകൾ ആവർത്തിക്കരുത്; അധികം സംസാരിക്കുന്നതുകൊണ്ട് ഉത്തരം കിട്ടും എന്നാണ് അവർ ചിന്തിക്കുന്നത്. 8അവരോട് തുല്യരാകരുത്; നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ. 9നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; 10അങ്ങയുടെ രാജ്യം വരേണമേ; അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; 11ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേ; 12ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെയും ഞങ്ങളോടു ക്ഷമിക്കേണമേ; 13പരീക്ഷകളിൽ ഞങ്ങൾ അകപ്പെടാതെ, ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങയ്ക്കുള്ളതല്ലോ. 14നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിയ്ക്കും. 15നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളോടും പിഴകളെ ക്ഷമിക്കയില്ല.
ഉപവസിക്കുമ്പോൾ
16 വിശേഷിച്ചും നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തിക്കാർ ചെയ്യുന്നതുപോലെ വിഷാദമായ മുഖം കാണിക്കരുത്; എന്തെന്നാൽ അവർ ഉപവസിക്കുന്നു എന്നു മനുഷ്യരെ കാണിക്കേണ്ടതിന് അവരുടെ മുഖത്തെ വിരൂപമാക്കുന്നു; അവർക്ക് പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 17എന്നാൽ നീയോ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേച്ച് മുഖം കഴുകുക എങ്കിൽ നിന്റെ ഉപവാസം മനുഷ്യരല്ല. 18രഹസ്യത്തിലുള്ള നിന്റെ പിതാവ് കാണുകയും നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും.
നിക്ഷേപം സ്വരൂപിക്കേണ്ടത് എവിടെ?
19 പുഴുവും തുരുമ്പും തിന്നു തീർക്കുന്നതും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾക്ക് തന്നെ നിക്ഷേപം സ്വരൂപിക്കരുതു. 20പുഴുവും തുരുമ്പും തിന്നു തീർക്കാത്തതും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽതന്നെ നിങ്ങൾക്ക് നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. 21നിന്റെ നിക്ഷേപം ഉള്ളിടത്ത് നിന്റെ ഹൃദയവും ഇരിക്കും.
കണ്ണ് ശരീരത്തിന്റെ വിളക്ക്
22 കണ്ണ് ശരീരത്തിന്റെ വിളക്കു ആകുന്നു; അതുകൊണ്ട് കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശത്താൽ നിറഞ്ഞിരിക്കും. 23കണ്ണ് ദോഷമുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുട്ടായിരിക്കും; അതുകൊണ്ട് നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്ര വലിയത്!
ദൈവമോ മാമോനൊ?
24 രണ്ടു യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല; അങ്ങനെ ചെയ്താൽ ഒരുവനെ പകച്ച് മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുവനോട് പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും #6:24 മൂലഭാഷയിൽ മമോനെയും എന്നത് തിന്മയായോ, അധാർമ്മികമായി സമ്പാദിച്ച് ധനം എന്നാണ്. സേവിക്കുവാൻ കഴിയുകയില്ല.
വിചാരപ്പെടരുത്
25 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: എന്ത് തിന്നും, എന്ത് കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും ആകുലപ്പെടരുത്; ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനേക്കാൾ ശരീരവും വലുതല്ലയോ? 26ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? 27ആകുലപ്പെടുന്നതുകൊണ്ട് തന്റെ ജീവിതകാലയളവിനോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും? 28ഉടുപ്പിനെക്കുറിച്ച് ആകുലപ്പെടുന്നത് എന്തിന്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. 29എന്നാൽ ശലോമോൻ പോലും തന്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 30ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. 31ആകയാൽ നാം എന്ത് തിന്നും എന്ത് കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ നിങ്ങൾ ആകുലപ്പെടരുത്. 32ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നുവല്ലോ. 33മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും. 34അതുകൊണ്ട് നാളെയ്ക്കായി ആകുലപ്പെടരുത്; നാളത്തെ ദിവസം തനിക്കായി ആകുലപ്പെടുമല്ലോ; അതത് ദിവസത്തിന് അന്നന്നത്തെ ദോഷം മതി.

Currently Selected:

മത്താ. 6: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy