YouVersion Logo
Search Icon

യോശുവ 1

1
യോശുവ യിസ്രായേലിൻ്റെ നേതാവാകുന്നു
1യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്‍റെ മകനും മോശെയുടെ ശുശ്രൂഷകനുമായ യോശുവയോടു അരുളിച്ചെയ്തത്: 2“എന്‍റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുക്കുന്ന ദേശത്തേക്ക് യോർദ്ദാൻ കടന്നുപോകുവിൻ. 3ഞാൻ മോശെയോട് കല്പിച്ചതുപോലെ, നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും നിങ്ങൾക്ക് തന്നിരിക്കുന്നു. 4നിങ്ങളുടെ അതിരുകൾ മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറ് മഹാസമുദ്രംവരെയും ആയിരിക്കും. 5നിന്‍റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്‍റെ നേരെ നില്‍ക്കയില്ല. ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും. ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
6“ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും. 7നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. എന്‍റെ ദാസനായ മോശെ നിന്നോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണം. ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അത് വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 8ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്‍റെ വായിൽ നിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്‍റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും. 9നിന്‍റെ ദൈവമായ യഹോവ നീ പോകുന്ന ഇടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് ഞാൻ തന്നെ നിന്നോട് കല്പിച്ചുവല്ലോ.”
10അപ്പോൾ യോശുവ ജനത്തിന്‍റെ പ്രമാണികളോട് കല്പിച്ചത്: 11“നിങ്ങൾ പാളയത്തിൽ കൂടി കടന്ന് ജനത്തോട് പറയേണ്ടത്: ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊൾവീൻ. ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന് നിങ്ങൾ മൂന്നുദിവസം കഴിഞ്ഞിട്ട് യോർദ്ദാൻ കടക്കേണ്ടതാകുന്നു.”
12പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ: 13“യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സ്വസ്ഥത നല്കി ഈ ദേശം തന്നിരിക്കുന്നു. 14നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും യോർദ്ദാനിക്കരെ മോശെ നിങ്ങൾക്ക് തന്നിട്ടുള്ള ദേശത്ത് വസിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്ന് അവരെ സഹായിക്കണം. 15യഹോവ നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കണം; അതിന്‍റെശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്ക് യോർദ്ദാനിക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്തേക്ക് മടങ്ങിവന്ന് അത് അനുഭവിച്ചുകൊള്ളേണം.”
16അവർ യോശുവയോട്: “നീ ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും. 17ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്‍റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കട്ടെ. 18ആരെങ്കിലും നിന്‍റെ കല്പനകളോട് മത്സരിക്കയും നിന്‍റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവും ഉള്ളവനായി ഇരുന്നാലും” എന്നു ഉത്തരം പറഞ്ഞു.

Currently Selected:

യോശുവ 1: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in