YouVersion Logo
Search Icon

യിരെ. 48

48
മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്
1മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്. യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
നെബോവിന് അയ്യോ കഷ്ടം! അത് ശൂന്യമായിരിക്കുന്നു;
കിര്യത്തയീമീം ലജ്ജിതയായി; അത് പിടിക്കപ്പെട്ടുപോയി;
ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
2മോവാബിന്‍റെ പ്രശസ്തി നഷ്ടപ്പെട്ടുപോയി;
ഹെശ്ബോനിൽ അവർ അതിനെതിരായി അനർത്ഥം നിരൂപിക്കുന്നു;
വരുവിൻ, അത് ഒരു ജനത ആയിരിക്കാത്തവണ്ണം
നാം അതിനെ നശിപ്പിച്ചുകളയുക;
മദ്മേനേ, നീയും നശിച്ചുപോകും;
വാൾ നിന്നെ പിന്തുടരും.
3ഹോരോനയീമിൽനിന്ന്: “നാശം, മഹാസംഹാരം”
എന്നിങ്ങനെ നിലവിളികേൾക്കുന്നു.
4“മോവാബ് തകർന്നിരിക്കുന്നു;
അതിന്‍റെ കുഞ്ഞുങ്ങൾ നിലവിളികൂട്ടുന്നു.
5ലൂഹീതിലേക്കുള്ള കയറ്റം അവർ കരഞ്ഞുകൊണ്ട് കയറിപ്പോകുന്നു;
ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ
സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ ആർത്തനാദം കേൾക്കുന്നു.
6ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിക്കുവിൻ!
മരുഭൂമിയിലെ ചൂരൽച്ചെടിപോലെ ആയിത്തീരുവിൻ!
7നിന്‍റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും
ആശ്രയിച്ചിരിക്കുകകൊണ്ട് നീയും പിടിക്കപ്പെടും;
കെമോശ് തന്‍റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ
പ്രവാസത്തിലേക്കു പോകും.
8കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും;
ഒരു പട്ടണവും രക്ഷപെടുകയില്ല;
യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും;
സമഭൂമി ശൂന്യമായിത്തീരും.
9മോവാബ് പറന്നുപോകേണ്ടതിന് അതിന് ചിറകു കൊടുക്കുവിൻ;
അതിന്‍റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും.
10യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ;
രക്തം ചൊരിയാതെ വാൾ അടക്കിവക്കുന്നവൻ ശപിക്കപ്പെട്ടവൻ;
11മോവാബ് ബാല്യംമുതൽ സ്വസ്ഥമായി മട്ടിനു മുകളിൽ തെളിഞ്ഞുനിന്നു;
അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകർന്നിട്ടില്ല;
അവൻ പ്രവാസത്തിലേക്കു പോയിട്ടുമില്ല;
അതുകൊണ്ട് അവന്‍റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു;
അവന്‍റെ ഗന്ധം വ്യത്യാസപ്പെട്ടിട്ടുമില്ല.
12അതിനാൽ പകരുന്നതുവരെ ഞാൻ അവന്‍റെ അടുക്കൽ അയയ്ക്കുവാനുള്ള കാലം വരുന്നു” എന്നു യഹോവയുടെ അരുളപ്പാടു; “അവർ അവനെ പകർന്നുകളയുകയും അവന്‍റെ പാത്രങ്ങൾ ശൂന്യമാക്കി, കുടങ്ങൾ ഉടച്ചുകളയുകയും ചെയ്യും. 13അവരുടെ ആശ്രയമായ ബേഥേലിനെക്കുറിച്ച് യിസ്രായേൽഗൃഹം ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിനെക്കുറിച്ച് ലജ്ജിച്ചുപോകും.
14‘ഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു’
എന്നു നിങ്ങൾ പറയുന്നതെങ്ങനെ?
15മോവാബ് കവർച്ച ചെയ്യപ്പെട്ടു;
അതിന്‍റെ പട്ടണങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു;
അവന്‍റെ ശ്രേഷ്ഠയുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു”
എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്.
16മോവാബിന് ആപത്തു വരുവാൻ അടുത്തിരിക്കുന്നു;
അവന്‍റെ അനർത്ഥം വേഗത്തിൽ ഉണ്ടാകും.
17അവന്‍റെ ചുറ്റുമുള്ള എല്ലാവരുമേ അവനെക്കുറിച്ചു വിലപിക്കുവിൻ!
അവന്‍റെ നാമം അറിയുന്ന സകലരുമേ, ‘അയ്യോ ബലമുള്ള വടി,
ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു’ എന്നു പറയുവിൻ.
18ദീബോൻനിവാസിനിയായ പുത്രീ, നിന്‍റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്കുക;
മോവാബിനെ നശിപ്പിക്കുന്നവൻ നിന്‍റെനേരെ വന്ന്
നിന്‍റെ കോട്ടകൾ നശിപ്പിക്കുമല്ലോ.
19അരോവേർനിവാസിനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക;
ഓടിപ്പോകുന്നവനോടും രക്ഷപെട്ടുപോകുന്നവളോടും ‘സംഭവിച്ചതെന്ത്?’ എന്നു ചോദിക്കുക.
20മോവാബ് തകർന്നിരിക്കുകയാൽ ലജ്ജിച്ചു പോയിരിക്കുന്നു;
വിലപിച്ചു കരയുവിൻ;
മോവാബ് കവർച്ചചെയ്യപ്പെട്ടിരിക്കുന്നു എന്നു
അർന്നോനിൽ അറിയിക്കുവിൻ.
21സമഭൂമിമേൽ ന്യായവിധി വന്നിരിക്കുന്നു; ഹോലോനും യാഹാസക്കും മേഫാഥിനും 22ദീബോനും നെബോവിനും ബേത്ത്-ദിബ്ലാത്തയീമിനും കിര്യത്തയീമിനും 23ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും 24കെരീയോത്തിനും ബൊസ്രെക്കും ദൂരത്തും സമീപത്തും ഉള്ള മോവാബിലെ എല്ലാ പട്ടണങ്ങൾക്കും തന്നെ. 25മോവാബിന്‍റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്‍റെ ഭുജം തകർന്നുപോയിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്.
26മോവാബ് യഹോവയുടെ നേരെ അഹങ്കരിച്ചിരിക്കുകകൊണ്ട് അവനെ ലഹരി പിടിപ്പിക്കുവിൻ; മോവാബ് തന്‍റെ ഛർദ്ദിയിൽ കിടന്നുരുളും; അവൻ നിന്ദാവിഷയമായിത്തീരും. 27അല്ല, യിസ്രായേൽ നിനക്കു നിന്ദാവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
28മോവാബ് നിവാസികളേ, പട്ടണങ്ങൾ വിട്ട് പാറകളിൽ അധിവസിക്കുവിൻ;
ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.
29മോവാബ് മഹാഗർവ്വി; ഞങ്ങൾ അവന്‍റെ ഗർവ്വത്തെയും അഹന്തയെയും
ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ച് കേട്ടിട്ടുണ്ട്.
30അവന്‍റെ ക്രോധം ഞാൻ അറിയുന്നു” എന്നു യഹോവയുടെ അരുളപ്പാടു;
അവന്‍റെ സംസാരം വ്യാജമാണ്;
അവന്‍റെ വ്യാജമായ പ്രവൃത്തികൊണ്ട് ഒന്നും സാധിച്ചില്ലല്ലോ.
31അതുകൊണ്ട് മോവാബിനെക്കുറിച്ച് ഞാൻ വിലപിക്കും;
എല്ലാ മോവാബിനെയും കുറിച്ച് ഞാൻ നിലവിളിക്കും;
കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് ഞാൻ ദുഃഖിക്കും.
32സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും
അധികം ഞാൻ നിന്നെക്കുറിച്ച് കരയും;
നിന്‍റെ വള്ളികൾ കടലിനിക്കരെ കടന്നിരിക്കുന്നു;
അവ യസേർകടൽവരെ എത്തിയിരിക്കുന്നു;
ശൂന്യമാക്കുന്നവൻ നിന്‍റെ കനികളിന്മേലും
മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
33സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും
മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു;
ചക്കുകളിൽനിന്ന് വീഞ്ഞ് ഞാൻ ഇല്ലാതാക്കിയിരിക്കുന്നു;
സന്തോഷധ്വനിയോടെ ആരും ചക്ക് ചവിട്ടുകയില്ല;
കേൾക്കുന്ന ധ്വനികൾ സന്തോഷധ്വനികളല്ലതാനും.
34ഹെശ്ബോനിലെ നിലവിളി നിമിത്തം അവർ എലെയാലെവരെയും യാഹാസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ. 35പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും” എന്നു യഹോവയുടെ അരുളപ്പാടു. 36അവർ സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കുകയാൽ മോവാബിനെക്കുറിച്ചും കീർഹേരെസിലെ ജനങ്ങളെക്കുറിച്ചും എന്‍റെ ഹൃദയം കുഴൽപോലെ#48:36 കുഴൽപോലെ ശവസസ്ക്കാരത്തിനുപയോഗിക്കുന്ന കിന്നരം ധ്വനിക്കുന്നു.
37എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിക്കപ്പെട്ടും ഇരിക്കുന്നു; എല്ലാകൈകളിലും മുറിവും അരകളിൽ രട്ടും കാണുന്നു. 38ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ മോവാബിലെ എല്ലാ പുരമുകളിലും അതിന്‍റെ എല്ലാ തെരുവീഥികളിലും വിലാപം കേൾക്കുന്നു” എന്നു യഹോവയുടെ അരുളപ്പാടു. 39അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ച് പുറം തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്‍റെ ചുറ്റുമുള്ളവര്‍ക്കെല്ലാം നിന്ദയ്ക്കും ഭീതിയ്ക്കും വിഷയമായിത്തീരും.”
40യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഒരുവൻ കഴുകനെപ്പോലെ പറന്ന്
മോവാബിന്മേൽ ചിറകു വിടർത്തും.
41കെരീയോത്ത് പിടിക്കപ്പെട്ടു;
ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി;
അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം
നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
42യഹോവയുടെ മുമ്പിൽ തന്നത്താൻ ഉയർത്തിയിരിക്കുകയാൽ
മോവാബ് ഒരു ജനതയായിരിക്കാത്തവിധം നശിച്ചുപോകും.
43മോവാബ് നിവാസിയേ, ഭയവും കുഴിയും
കെണിയും നിനക്കു വരും”
എന്നു യഹോവയുടെ അരുളപ്പാട്.
44“ഭയന്നോടുന്നവൻ കുഴിയിൽ വീഴും;
കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും;
ഞാൻ മോവാബിൻ്റെമേൽ തന്നെ, അവരുടെ ശിക്ഷാകാലം വരുത്തും”
എന്നു യഹോവയുടെ അരുളപ്പാട്.
45ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോൻ്റെ നിഴലിൽ നില്ക്കുന്നു;
എന്നാൽ ഹെശ്ബോനിൽനിന്നു തീയും
സീഹോന്‍റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു
മോവാബിന്‍റെ ചെന്നിയും കലാപകാരികളുടെ നെറുകയും ദഹിപ്പിച്ചുകളയും.
46മോവാബേ, നിനക്കു ഹാ കഷ്ടം!
കെമോശിൻ്റെ#48:46 കെമോശിൻ്റെ മോവാബ്യര്‍ ആരാധിച്ചിരുന്ന വിഗ്രഹം ജനം നശിച്ചിരിക്കുന്നു;
നിന്‍റെ പുത്രന്മാരെ ബദ്ധന്മാരായും
നിന്‍റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.
47എങ്കിലും വരും കാലങ്ങളില്‍ ഞാൻ മോവാബിന്‍റെ പ്രവാസം മാറ്റും”
എന്നു യഹോവയുടെ അരുളപ്പാട്.
ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.

Currently Selected:

യിരെ. 48: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in