YouVersion Logo
Search Icon

യിരെ. 35

35
രേഖാബ്യരുടെ വിശ്വസ്തത
1യോശീയാവിന്‍റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്‍റെ കാലത്ത് യിരെമ്യാവിന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ: 2“നീ രേഖാബ്യഗൃഹത്തിൽ ചെന്നു, അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്‍റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവർക്ക് വീഞ്ഞു കുടിക്കുവാൻ കൊടുക്കുക.“
3അങ്ങനെ ഞാൻ ഹബസിന്യാവിൻ്റെ മകനായ യിരെമ്യാവിന്‍റെ മകൻ യയസന്യാവിനെയും അവന്‍റെ സഹോദരന്മാരെയും അവന്‍റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹത്തെ മുഴുവൻ കൂട്ടി 4യഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികിൽ ശല്ലൂമിന്‍റെ മകനായ വാതിൽക്കാവല്ക്കാരൻ മയസേയാവിന്‍റെ മുറിക്കു മീതെ ഇഗ്ദല്യാവിൻ്റെ മകനും ദൈവപുരുഷനുമായ ഹാനാൻ്റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു.
5പിന്നെ ഞാൻ, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറച്ച കുടങ്ങളും പാനപാത്രങ്ങളും വച്ചു അവരോട്: “വീഞ്ഞു കുടിക്കുവിൻ” എന്നു പറഞ്ഞു. 6അതിന് അവർ പറഞ്ഞത്: “ഞങ്ങൾ വീഞ്ഞു കുടിക്കുകയില്ല; രേഖാബിന്‍റെ മകൻ ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോട്: ‘നിങ്ങൾ ചെന്നു പാർക്കുന്ന ദേശത്ത് ദീർഘായുസ്സോടെ ഇരിക്കേണ്ടതിന് 7നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; വീടു പണിയരുത്; വിത്ത് വിതയ്ക്കരുത്; മുന്തിരിത്തോട്ടം ഉണ്ടാക്കരുത്; ഈ വക ഒന്നും നിങ്ങൾക്കുണ്ടാകുകയും അരുത്; നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളിൽ വസിക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു. 8അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്ത് ഒരിക്കലും വീഞ്ഞു കുടിക്കുകയോ 9താമസിക്കുവാൻ വീടു പണിയുകയോ ചെയ്യാതെ രേഖാബിന്‍റെ മകൻ ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്‍റെ വാക്ക് കേട്ടനുസരിച്ചുവരുന്നു; ഞങ്ങൾക്ക് മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല. 10ഞങ്ങൾ കൂടാരങ്ങളിൽ വസിച്ച്, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ എല്ലാം അനുസരിച്ചുനടക്കുന്നു. 11എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ദേശത്തെ ആക്രമിച്ചപ്പോൾ ഞങ്ങൾ: ‘വരുവിൻ, കല്ദയരുടെയും അരാമ്യരുടെയും സൈന്യത്തിന്‍റെ മുമ്പിൽനിന്ന് നമുക്ക് യെരൂശലേമിലേക്ക് പോയ്ക്കളയാം’ എന്നു പറഞ്ഞു; അങ്ങനെ ഞങ്ങൾ യെരൂശലേമിൽ താമസിച്ചുവരുന്നു.”
12അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിനുണ്ടായതെന്തെന്നാൽ: 13“യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേം നിവാസികളോടും പറയേണ്ടത്: “എന്‍റെ വചനങ്ങൾ അനുസരിക്കേണ്ടതിന് നിങ്ങൾ പ്രബോധനം കൈക്കൊള്ളുന്നില്ലയോ?” എന്നു യഹോവയുടെ അരുളപ്പാട്. 14“രേഖാബിന്‍റെ മകനായ യോനാദാബ് തന്‍റെ പുത്രന്മാരോട് വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചത് അവർ അനുസരിക്കുന്നു; അവർ പിതാവിന്‍റെ കല്പന പ്രമാണിച്ച് ഇന്നുവരെ വീഞ്ഞ് കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല. 15നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞ് നിങ്ങളുടെ പ്രവൃത്തികൾ നല്ലതാക്കുവിൻ; അന്യദേവന്മാരോടു ചേർന്ന് അവരെ സേവിക്കരുത്; അപ്പോൾ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്ത് നിങ്ങൾ വസിക്കും എന്നിങ്ങനെ പ്രവാചകന്മാരായ എന്‍റെ സകലദാസന്മാരെയും ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവി ചായിക്കുകയോ എന്‍റെ വാക്കു കേട്ടനുസരിക്കുകയോ ചെയ്തിട്ടില്ല. 16രേഖാബിന്‍റെ മകനായ യോനാദാബിന്‍റെ പുത്രന്മാർ അവരുടെ പിതാവ് കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്‍റെ വാക്ക് കേട്ടനുസരിച്ചിട്ടില്ല.”
17അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ പറഞ്ഞിട്ടും അവർ കേൾക്കുകയോ വിളിച്ചിട്ടും അവർ ഉത്തരം പറയുകയോ ചെയ്യായ്കയാൽ, ഞാൻ യെഹൂദായുടെമേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാൻ അവർക്ക് വിധിച്ചിരിക്കുന്ന അനർത്ഥമെല്ലാം വരുത്തും.”
18പിന്നെ യിരെമ്യാവ് രേഖാബ്യഗൃഹത്തോടു പറഞ്ഞത്: “യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. “നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിൻ്റെ കല്പന പ്രമാണിച്ച് അവന്‍റെ ആജ്ഞ സകലവും അനുസരിച്ച് അവൻ കല്പിച്ചതുപോലെ എല്ലാം ചെയ്തിരിക്കുകകൊണ്ട്, 19എന്‍റെ മുമ്പാകെ നില്ക്കുവാൻ രേഖാബിന്‍റെ മകനായ യോനാദാബിന് ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരുകയില്ല” എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

Currently Selected:

യിരെ. 35: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in