YouVersion Logo
Search Icon

യിരെ. 13

13
ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച
1യഹോവ എന്നോട്: “നീ ചെന്നു, ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച വാങ്ങി നിന്‍റെ അരയ്ക്ക് കെട്ടുക; അത് വെള്ളത്തിൽ ഇടരുത്” എന്നു കല്പിച്ചു. 2അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു അരക്കച്ച വാങ്ങി അരയ്ക്ക് കെട്ടി.
3യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായത്: 4“നീ വാങ്ങി അരയ്ക്ക് കെട്ടിയ അരക്കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിനരികിൽ ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വെക്കുക.” 5അങ്ങനെ ഞാൻ ചെന്നു യഹോവ എന്നോട് കല്പിച്ചതുപോലെ അത് ഫ്രാത്തിനരികിൽ ഒളിച്ചുവച്ചു.
6വളരെനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: “നീ എഴുന്നേറ്റ് ഫ്രാത്തിനരികിൽ ചെന്നു, അവിടെ ഒളിച്ചുവയ്ക്കുവാൻ നിന്നോട് കല്പിച്ച അരക്കച്ച എടുത്തുകൊള്ളുക” എന്നരുളിച്ചെയ്തു. 7അങ്ങനെ ഞാൻ ഫ്രാത്തിനരികിൽ ചെന്നു, ഒളിച്ചുവച്ചിരുന്ന സ്ഥലത്തുനിന്ന് അരക്കച്ച മാന്തി എടുത്തു; എന്നാൽ അരക്കച്ച കേടുവന്ന് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു.
8യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇങ്ങനെ ഞാൻ യെഹൂദായുടെ ഗർവ്വവും യെരൂശലേമിന്‍റെ മഹാഗർവ്വവും നശിപ്പിച്ചുകളയും. 10എന്‍റെ വചനം കേൾക്കുവാൻ മനസ്സില്ലാതെ സ്വന്ത ഹൃദയത്തിന്‍റെ ആലോചനപോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ അരക്കച്ചപോലെ ആയിത്തീരും. 11അരക്കച്ച ഒരു മനുഷ്യന്‍റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്ക് ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്, എന്നോട് പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിക്കുവാൻ മനസ്സായില്ല” എന്നു യഹോവയുടെ അരുളപ്പാട്.
വീഞ്ഞുതുരുത്തി
12അതുകൊണ്ട് നീ അവരോടു പറയേണ്ടത്: “എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും” എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; “എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങൾക്കറിഞ്ഞുകൂടയോ” എന്നു അവർ നിന്നോട് ചോദിക്കും.
13അതിന് നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ ദേശത്തിലെ സർവ്വനിവാസികളെയും ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവ്വനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറയ്ക്കും. 14ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും ഏറ്റുമുട്ടി നശിക്കുമാറാക്കും” എന്നു യഹോവയുടെ അരുളപ്പാടു; “അവരെ നശിപ്പിക്കുകയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കുകയില്ല.
നാശം അടുത്തിരിക്കുന്നു
15നിങ്ങൾ കേൾക്കുവിൻ, ചെവിതരുവിൻ; ഗർവ്വിക്കരുത്;
യഹോവയല്ലയോ അരുളിച്ചെയ്യുന്നത്.
16ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പ്
നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ബഹുമാനം കൊടുക്കുവിൻ;
അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ
അവിടുന്ന് അത് മരണ നിഴലാക്കി മാറ്റി നിങ്ങളെ കൂരിരുട്ടിൽ കുടുക്കും.
17നിങ്ങൾ കേട്ടനുസരിക്കുന്നില്ലെങ്കിൽ
ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും;
യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കുകയാൽ
ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.
18നീ രാജാവിനോടും രാജമാതാവിനോടും: “താഴെ ഇറങ്ങി ഇരിക്കുവിൻ;
നിങ്ങളുടെ മഹത്വകിരീടം നിലത്തു വീണിരിക്കുന്നു” എന്നു പറയുക.
19തെക്കുള്ള #13:19 തെക്കുള്ള നെഗവിലുള്ളപട്ടണങ്ങൾ അടയ്ക്കപ്പെടും;
ആരും അവയെ തുറക്കുകയില്ല;
യെഹൂദായെ മുഴുവനും പിടിച്ചു കൊണ്ടുപോകും;
അവരെ മുഴുവൻ പിടിച്ചു കൊണ്ടുപോകും.
20നീ കണ്ണുയർത്തി വടക്കുനിന്നു വരുന്നവരെ നോക്കുക;
നിനക്കു നല്കിയിരുന്ന കൂട്ടം,
നിന്‍റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ?
21നിനക്കു സഖികളായിരിക്കുവാൻ നീ തന്നെ ശീലിപ്പിച്ചവരെ
അവൻ നിനക്കു അധിപതികളായി നിയമിക്കുന്നു
എങ്കിൽ നീ എന്ത് പറയും?
നോവുകിട്ടിയ സ്ത്രീയെപ്പോലെ
നിനക്കു വേദന പിടിക്കുകയില്ലയോ?
22‘ഇങ്ങനെ എനിക്ക് ഭവിക്കുവാൻ സംഗതി എന്ത്?’
എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ
നിന്‍റെ അകൃത്യങ്ങളുടെ പെരുപ്പംനിമിത്തം
നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പു നീങ്ങിയും
നിന്‍റെ കുതികാലിനു അപമാനം വന്നും ഇരിക്കുന്നു.
23കൂശ്യനു തന്‍റെ ത്വക്കും
പുള്ളിപ്പുലിക്കു തന്‍റെ പുള്ളിയും മാറ്റുവാൻ കഴിയുമോ?
എന്നാൽ ദോഷം ചെയ്യുവാൻ ശീലിച്ചിരിക്കുന്ന
നിങ്ങൾക്ക് നന്മ ചെയ്യുവാൻ കഴിയുമോ?
24അതിനാൽ ഞാൻ അവരെ മരുഭൂമിയിലെ
കാറ്റത്തു പാറിപ്പോകുന്ന പതിരെന്നപോലെ ചിതറിച്ചുകളയും.
25നീ എന്നെ മറന്ന് വ്യാജത്തിൽ ആശ്രയിച്ചിരിക്കുകകൊണ്ട്
ഇതു നിന്‍റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു”
എന്നു യഹോവയുടെ അരുളപ്പാടു.
26“അതുകൊണ്ട് ഞാനും നിന്‍റെ ലജ്ജ വെളിവാകേണ്ടതിന്
നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പ് നിന്‍റെ മുഖത്തിനു മീതെ പൊക്കിവയ്ക്കും.
27നിന്‍റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്തം
എന്നീ മ്ലേച്ഛതകൾ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു;
യെരൂശലേമേ, നിനക്കു അയ്യോ കഷ്ടം!
നീ നിർമ്മലനാക്കുവാൻ എത്രകാലം വേണ്ടിവരും?

Currently Selected:

യിരെ. 13: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in