YouVersion Logo
Search Icon

പുറ. 40

40
സമാഗമനകൂടാരം പ്രതിഷ്ഠിക്കുന്നു
1അതിനുശേഷം യഹോവ മോശെയോട് അരുളിച്ചെയ്തതു: 2“ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കണം. 3സാക്ഷ്യപെട്ടകം അതിൽ വച്ചു തിരശ്ശീലകൊണ്ട് പെട്ടകം മറയ്ക്കേണം. 4മേശ കൊണ്ടുവന്ന് അതിന്‍റെ സാധനങ്ങൾ ക്രമത്തിൽ വയ്ക്കേണം. നിലവിളക്ക് കൊണ്ടുവന്ന് അതിന്‍റെ ദീപം കൊളുത്തണം. 5ധൂപത്തിനുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന് മുമ്പിൽവച്ച് തിരുനിവാസ വാതിലിന്‍റെ മറശ്ശീല തൂക്കിയിടേണം.
6സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിന് മുമ്പിൽ ഹോമയാഗപീഠം വയ്ക്കേണം. 7സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ തൊട്ടി വച്ചു അതിൽ വെള്ളം ഒഴിക്കേണം. 8ചുറ്റും പ്രാകാരം നിവിർത്ത് പ്രാകാരവാതിലിൻ്റെ മറശ്ശീല തൂക്കിയിടേണം.
9അഭിഷേകതൈലം എടുത്ത് തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കേണം; അത് വിശുദ്ധമായിരിക്കേണം. 10ഹോമയാഗപീഠവും അതിന്‍റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം. 11തൊട്ടിയും അതിന്‍റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
12അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ട് കഴുകേണം. 13അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം. 14അവന്‍റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്, 15എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവർക്ക് തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കേണം.” 16മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോട് കല്പിച്ചതുപോലെ എല്ലാം അവൻ ചെയ്തു.
17ഇങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവർത്തി. 18മോശെ തിരുനിവാസം നിവർക്കുകയും അതിന്‍റെ ചുവട് ഉറപ്പിക്കുകയും പലക നിർത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു. 19അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു. അതിന് മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ. 20അവൻ സാക്ഷ്യം എടുത്ത് പെട്ടകത്തിൽ വച്ചു; പെട്ടകത്തിന് തണ്ടുകൾ ഇട്ടു. പെട്ടകത്തിന് മീതെ കൃപാസനം വച്ചു. 21പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു. മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
22സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്‍റെ വടക്കുവശത്ത് തിരശ്ശീലയ്ക്ക് പുറത്തായി മേശവച്ചു. 23അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
24സമാഗമനകൂടാരത്തിൽ മേശയ്ക്ക് നേരെ തിരുനിവാസത്തിന്‍റെ തെക്കുവശത്ത് നിലവിളക്ക് വയ്ക്കുകയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു; 25യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
26സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്ത് പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കുകയും അതിന്മേൽ സുഗന്ധധൂപവർഗ്ഗം പുകയ്ക്കുകയും ചെയ്തു; 27യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
28അവൻ തിരുനിവാസത്തിന്‍റെ വാതിലിനുള്ള മറശ്ശീല തൂക്കിയിട്ടു. 29ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിന് മുൻവശത്ത് വയ്ക്കുകയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുകയും ചെയ്തു. യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു.
30സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവൻ തൊട്ടിവക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കുകയും ചെയ്തു. 31മോശെയും അഹരോനും അവന്‍റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി. 32അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ ചെയ്തു. 33അവൻ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റം പ്രാകാരം നിർമ്മിച്ചു; പ്രാകാരവാതിലിൻ്റെ മറശ്ശീല തൂക്കിയിട്ടു. ഇങ്ങനെ മോശെയുടെ പ്രവൃത്തി സമാപിച്ചു.
34അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു. 35മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കുകയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കുകയും ചെയ്തതുകൊണ്ട് മോശെയ്ക്ക് അകത്ത് കടക്കുവാൻ കഴിഞ്ഞില്ല. 36മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോൾ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടും. 37മേഘം ഉയരാതിരുന്നാൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെടാതിരിക്കും. 38യിസ്രായേല്യരുടെ സകലയാത്രകളിലും അവരെല്ലാവരും കാൺകെ പകൽ സമയത്ത് തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.

Currently Selected:

പുറ. 40: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in