YouVersion Logo
Search Icon

ദാനീ. 1

1
1യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽരാജാവായ നെബൂഖദ്-നേസർ യെരൂശലേമിലേക്ക് വന്ന് അതിനെ നിരോധിച്ചു. 2കർത്താവ് യെഹൂദാ രാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ ആ പാത്രങ്ങൾ ശിനാർദേശത്ത് തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുപോയി; അവ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വച്ചു. 3അനന്തരം രാജാവ് തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോട്: “യിസ്രായേൽ മക്കളിൽ രാജവംശത്തിലുള്ളവരും കുലീനന്മാരും, 4അംഗഭംഗമില്ലാത്തവരും, സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണരും, സമർത്ഥരും, വിദ്യാപരിജ്ഞാനികളും, രാജധാനിയിൽ പരിചരിക്കുവാൻ യോഗ്യരും ആയ ചില ബാലന്മാരെ വരുത്തി, അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിക്കുക” എന്ന് കല്പിച്ചു. 5രാജാവ് അവർക്ക് രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം പരിശീലിപ്പിച്ചശേഷം അവർ രാജസന്നിധിയിൽ നില്‍ക്കണം എന്നും കല്പിച്ചു. 6അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാമക്കൾ ഉണ്ടായിരുന്നു. 7ഷണ്ഡാധിപൻ അവർക്ക് പുതിയ പേരുകൾ നൽകി; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു. 8എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധമാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു; തനിക്ക് അശുദ്ധി ഭവിക്കുവാൻ ഇടവരുത്തരുതെന്ന് ഷണ്ഡാധിപനോട് അപേക്ഷിച്ചു. 9ദൈവം ദാനീയേലിന് ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിക്കുവാൻ ഇടവരുത്തി. 10ഷണ്ഡാധിപൻ ദാനീയേലിനോട്: “നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടെ മുഖത്തേക്കാൾ മെലിഞ്ഞുകാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാക്കും” എന്ന് പറഞ്ഞു. 11ഷണ്ഡാധിപൻ ദാനീയേലിനും, ഹനന്യാവിനും മീശായേലിനും, അസര്യാവിനും മേൽവിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട് ദാനീയേൽ: 12“അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു ഭക്ഷിക്കുവാൻ സസ്യഭോജനവും കുടിക്കുവാൻ വെള്ളവും തന്നു നോക്കട്ടെ. 13അതിനുശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോട് ചെയ്തുകൊള്ളുക” എന്നു പറഞ്ഞു. 14അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ട്, പത്തു ദിവസം അവരെ പരീക്ഷിച്ചു. 15പത്തു ദിവസം കഴിഞ്ഞ് അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതെന്നും, അവർ മാംസപുഷ്ടിയുള്ളവരെന്നും കണ്ടു. 16അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ട വീഞ്ഞും നീക്കി അവർക്ക് സസ്യഭോജനം കൊടുത്തു. 17ഈ നാല് ബാലന്മാർക്ക് ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നൈപുണ്യവും സാമർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളും സ്വപ്നങ്ങളും സംബന്ധിച്ച് വിവേകിയായിരുന്നു. 18അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവ് കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു. 19രാജാവ് അവരോടു സംസാരിച്ചപ്പോൾ, മറ്റുള്ള എല്ലാവരിലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി ആരെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷയ്ക്ക് നിന്നു. 20രാജാവ് അവരോട് ജ്ഞാനവും വിവേകവും സംബന്ധിച്ച് ചോദിച്ചതിൽ എല്ലാം അവർ തന്റെ രാജ്യത്തുള്ള സകലമന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു. 21ദാനീയേൽ കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.

Currently Selected:

ദാനീ. 1: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy