YouVersion Logo
Search Icon

3 യോഹ. 1

1
1മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നത്. 2പ്രിയനേ, നിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും ആരോഗ്യവാനായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു. 3സഹോദരന്മാർ വന്നപ്പോൾ നീ സത്യത്തിൽ നടക്കുന്നു എന്നതായ നിന്‍റെ സത്യത്തിന് സാക്ഷ്യം പറയുകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു. 4എന്‍റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല.
5പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അപരിചിതർക്കും #1:5 അപരിചിതർക്കും അപരിചിതരെ അതിഥികളായി കരുതി ആദരിക്കുന്നതിനെ സൂചിപ്പിക്കുന്നു. വേണ്ടി അദ്ധ്വാനിക്കുമ്പോഴെല്ലാം വിശ്വസ്തത കാണിക്കുന്നു. 6അവർ സഭയുടെ മുമ്പാകെ നിന്‍റെ സ്നേഹത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന് യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. 7തിരുനാമം നിമിത്തമല്ലോ അവർ ജാതികളിൽനിന്ന് ഒന്നും വാങ്ങാതെ പുറപ്പെട്ടത്. 8ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങൽ കൊടുക്കേണ്ടതാകുന്നു.
9സഭയ്ക്ക് ഞാൻ ചിലതെഴുതിയിരുന്നു: എങ്കിലും അവരിൽ ഒന്നാമനാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ അംഗീകരിക്കുന്നില്ല. 10അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങൾക്ക് എതിരെ ദുർവ്വാക്കുകൾ പറഞ്ഞ് അവഹേളിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തികൾ അവനു ഓർമ്മവരുത്തും. അവൻ ഇങ്ങനെ ചെയ്യുന്ന പ്രവൃത്തികളിൽ തൃപ്തനാകാതെ താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നത് മാത്രമല്ല, അതിന് മനസ്സുള്ളവരെ വിരോധിക്കുകയും സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നു. 11പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല. 12ദെമേത്രിയൊസിന് എല്ലാവരാലും സത്യത്താൽ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്നു നീ അറിയുന്നു.
13നിനക്കു എഴുതി അയയ്ക്കുവാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ട് എഴുതുവാൻ എനിക്ക് ആഗ്രഹമില്ല. 14എന്നാൽ ഞാൻ വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം.
15നിനക്കു സമാധാനം.
സ്നേഹിതന്മാർ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്ക് പേരുപേരായി വന്ദനം ചൊല്ലുക.

Currently Selected:

3 യോഹ. 1: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in