YouVersion Logo
Search Icon

1 ശമു. 12

12
ശമൂവേലിന്‍റെ വിടവാങ്ങൽ പ്രഭാഷണം
1അതുകഴിഞ്ഞ് ശമൂവേൽ എല്ലാ യിസ്രായേലിനോടും പറഞ്ഞത്: “നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് എല്ലാം ഞാൻ ചെയ്തു. നിങ്ങൾക്ക് ഒരു രാജാവിനെയും വാഴിച്ചു തന്നു. 2ഇപ്പോൾ രാജാവ് നിങ്ങളുടെ നായകനായിരിക്കുന്നു. ഞാനോ വൃദ്ധനും നരച്ചവനുമായി; എന്‍റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ട്; എന്‍റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്ക് നായകനായിരുന്നു. 3ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു. ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ മോഷ്ടിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ഞാൻ ആരുടെയെങ്കിലും കയ്യിൽനിന്ന് കൈക്കൂലി വാങ്ങി സത്യത്തിന് നേരേ കണ്ണ് അടച്ചിട്ടുണ്ടോ? യഹോവയുടെയും അവന്‍റെ അഭിഷിക്തന്‍റെയും മുമ്പാകെ എനിക്കെതിരെ സാക്ഷീകരിപ്പിൻ; ഞാൻ അത് മടക്കിത്തരാം.”
4അതിന് അവർ: “നീ ഞങ്ങളെ ചതിക്കുകയോ, പീഡിപ്പിക്കയോ, ആരുടെയെങ്കിലും കയ്യിൽനിന്ന് വല്ലതും മോഷ്ടിക്കുകയോ ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
5ശമൂവേൽ പിന്നെയും അവരോട്: “നിങ്ങൾ എന്‍റെ പേരിൽ കുറ്റം ഒന്നും കണ്ടില്ല എന്നുള്ളതിന് യഹോവയും അവന്‍റെ അഭിഷിക്തനും ഇന്നു സാക്ഷി” എന്നു പറഞ്ഞു.
6അപ്പോൾ ശമൂവേൽ ജനത്തോട് പറഞ്ഞത്: “മോശെയെയും അഹരോനെയും നിയമിച്ചാക്കുകയും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവരികയും ചെയ്തത് യഹോവ തന്നെ. 7അതുകൊണ്ട് ഇപ്പോൾ നിങ്ങൾ നില്ക്കുന്നിടത്ത് തന്നെ നില്ക്കുവിന്‍; യഹോവ നിങ്ങൾക്കും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കും ചെയ്തിട്ടുള്ള സകല നീതികളെയുംകുറിച്ച് നിങ്ങളെ ഞാൻ യഹോവയുടെ മുമ്പാകെ കുറ്റം വിധിക്കുകയാണു.
8“യാക്കോബ് മിസ്രയീമിൽ ചെന്നു പാർത്തു; അവിടെവെച്ച് നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ യഹോവയോട് നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് ഈ സ്ഥലത്ത് അധിവസിപ്പിച്ചു. 9എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ യഹോവ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കൈയിലും, ഫെലിസ്ത്യരുടെ കയ്യിലും, മോവാബ്‌രാജാവിന്‍റെ കൈയിലും ഏല്പിച്ചു, അവരെല്ലാം യിസ്രായേൽ മക്കളോടു യുദ്ധംചെയ്തു.
10“അപ്പോൾ അവർ യഹോവയോട് നിലവിളിച്ചു: ‘ഞങ്ങൾ യഹോവയെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് ദേവിയേയും സേവിച്ച് പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും’ എന്നു പറഞ്ഞു. 11അപ്പോൾ യഹോവ യെരുബ്ബാൽ#12:11 യെരുബ്ബാൽ ഗിദയോന്‍, ബെദാൻ#12:11 ബെദാൻ ബാരക്ക്, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്ന് നിങ്ങളെ വിടുവിച്ചു; നിങ്ങൾ സുരക്ഷിതരായി വസിച്ചു.
12“പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങൾക്ക് എതിരെ വന്നപ്പോൾ, ദൈവമായ യഹോവ നിങ്ങളുടെ രാജാവായിരുന്നിട്ടും, നിങ്ങൾ എന്നോട്: ‘ഒരു രാജാവ് ഞങ്ങളുടെമേൽ വാഴണം’ എന്നു പറഞ്ഞു. 13ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവ്; യഹോവ നിങ്ങൾക്ക് ഒരു രാജാവിനെ നൽകിയിരിക്കുന്നു.
14“നിങ്ങൾ യഹോവയുടെ കല്പനയെ എതിർക്കാതെ യഹോവയെ ഭയപ്പെട്ട് അവനെ സേവിച്ച് അവന്‍റെ വാക്ക് അനുസരിക്കണം. നിങ്ങളും നിങ്ങളുടെ രാജാവും ദൈവമായ യഹോവയോട് ചേർന്നിരിക്കുകയും ചെയ്യേണം. 15എന്നാൽ നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെ യഹോവയുടെ കല്പനയെ നിരസിച്ചാൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്ക് എതിരായിരുന്നതുപോലെ നിങ്ങൾക്കും എതിരായിരിക്കും.
16“അതുകൊണ്ട് ഇപ്പോൾ യഹോവ നിങ്ങൾ കാൺകെ ചെയ്യുവാൻ പോകുന്ന ഈ വലിയ കാര്യം കാണുവാൻ നിങ്ങൾ നില്ക്കുന്നിടത്ത് തന്നെ നില്ക്കുവിന്‍. 17ഇത് ഗോതമ്പുകൊയ്ത്തിന്‍റെ കാലമല്ലോ; ഞാൻ യഹോവയോട് അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട് യഹോവയോട് ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങൾ അതിനാൽ തിരിച്ചറിയും.”
18അങ്ങനെ ശമൂവേൽ യഹോവയോട് അപേക്ഷിച്ചു; യഹോവ അന്ന് ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു. 19ജനമെല്ലാം ശമൂവേലിനോട്: “അടിയങ്ങൾക്കുവേണ്ടി നിന്‍റെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതുകൊണ്ട് മറ്റെല്ലാ പാപങ്ങൾക്കും ഒപ്പം ഞങ്ങൾ ഈ ഒരു പാപം കൂടി കൂട്ടിയിരിക്കുന്നു” എന്നു പറഞ്ഞു.
20ശമൂവേൽ ജനത്തോട് പറഞ്ഞത്: “ഭയപ്പെടാതിരിക്കുവിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ. 21എന്നാൽ നിങ്ങൾ ഉപകാരമില്ലാത്തതും, രക്ഷിപ്പാൻ കഴിയാത്തതുമായ മിത്ഥ്യാ ദേവന്മാരിലേക്ക് തിരിയരുത്; എന്തെന്നാൽ അവ മിത്ഥ്യാ രൂപങ്ങൾ തന്നേയല്ലോ. 22യഹോവ തന്‍റെ മഹത്തായ നാമം നിമിത്തം തന്‍റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്‍റെ ജനമാക്കിക്കൊൾവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു.
23“ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്യുവാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്ക് നല്ലതും നേരും ആയ വഴി ഉപദേശിക്കും. 24യഹോവയെ ഭയപ്പെട്ട് പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊള്ളുവിൻ. 25എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.”

Currently Selected:

1 ശമു. 12: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in