YouVersion Logo
Search Icon

1 കൊരി. 3

3
ഞങ്ങൾ ദൈവത്തിന്‍റെ ശുശ്രൂഷക്കാർ
1എന്നാൽ, സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികരോട് എന്നപോലെ അല്ല, ജഡികരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളോട് എന്നപോലെ, അത്രേ സംസാരിക്കുവാൻ കഴിഞ്ഞത്. 2കട്ടിയായ ആഹാരമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്ക് തന്നത്; എന്തെന്നാൽ, ഭക്ഷിക്കുവാൻ നിങ്ങൾക്ക് കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികരല്ലോ. 3നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? 4എന്തെന്നാൽ, ഒരാൾ: ഞാൻ പൗലോസിന്‍റെ പക്ഷക്കാരൻ എന്നും മറ്റൊരാൾ: ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
5അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവർക്ക് നൽകിയതുപോലെ, നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ. 6ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. 7ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനോ നനയ്ക്കുന്നവനോ ഏതുമില്ല. 8നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തർക്കും അവരുടെ അദ്ധ്വാനത്തിനുള്ള കൂലി കിട്ടും. 9എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്‍റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്‍റെ കൃഷിത്തോട്ടം, ദൈവത്തിന്‍റെ ഗൃഹനിർമ്മാണം.
10ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ വിദഗ്ദ്ധനായ ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; എന്നാൽ, താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. 11എന്തെന്നാൽ, യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല. 12ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ രത്നങ്ങൾ, മരം, പുല്ല്, വൈക്കോൽ എന്നിവകൊണ്ട് പണിയുന്നു എങ്കിൽ അവരുടെ പ്രവൃത്തി വെളിപ്പെട്ടുവരും; 13ആ ദിവസം അതിനെ തെളിവാക്കും; അത് തീയാൽ വെളിപ്പെട്ടുവരും; ഓരോരുത്തരുടെയും പ്രവൃത്തി ഏതു വിധത്തിലുള്ളതെന്ന് തീ തന്നെ ശോധന ചെയ്യും. 14ഒരുവൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. 15ഒരുവന്‍റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവൻ നഷ്ടം അനുഭവിക്കും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
16നിങ്ങൾ ദൈവത്തിന്‍റെ മന്ദിരം ആണെന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? 17ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; എന്തെന്നാൽ, ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളാകുന്നുവല്ലോ ആ ആലയം.
18ആരും സ്വയം വഞ്ചിക്കരുത്; നിങ്ങളിൽ ആരെങ്കിലും ഈ കാലഘട്ടത്തിൽ ജ്ഞാനി എന്നു കരുതുന്നുവെങ്കിൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ. 19എന്തെന്നാൽ ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ.
“അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ കുടുക്കുന്നു”
എന്നും
20“കർത്താവ് ജ്ഞാനികളുടെ ചിന്തകൾ വ്യർത്ഥം എന്നറിയുന്നു”
എന്നും എഴുതിയിരിക്കുന്നുവല്ലോ. 21ആകയാൽ ആരും മനുഷ്യരെക്കുറിച്ച് പ്രശംസിക്കരുത്; സകലവും നിങ്ങൾക്കുള്ളതല്ലോ. 22പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളത്. 23നിങ്ങളോ ക്രിസ്തുവിനുള്ളവർ; ക്രിസ്തു ദൈവത്തിനുള്ളവൻ.

Currently Selected:

1 കൊരി. 3: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in