YouVersion Logo
Search Icon

സെഫന്യാവ് 3:1-8

സെഫന്യാവ് 3:1-8 MALOVBSI

മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതുമായ നഗരത്തിന് അയ്യോ കഷ്ടം! അവൾ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല. അതിനകത്ത് അതിന്റെ പ്രഭുക്കന്മാർ ഗർജിക്കുന്ന സിംഹങ്ങൾ; അതിന്റെ ന്യായാധിപതിമാർ വൈകുന്നേരത്തെ ചെന്നായ്ക്കൾ; അവർ പ്രഭാതകാലത്തേക്ക് ഒന്നും ശേഷിപ്പിക്കുന്നില്ല. അതിന്റെ പ്രവാചകന്മാർ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാൽക്കാരം ചെയ്തിരിക്കുന്നു. യഹോവ അതിന്റെ മധ്യേ നീതിമാനാകുന്നു അവൻ നീതികേടു ചെയ്യുന്നില്ല; രാവിലേ രാവിലേ അവൻ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ. ഞാൻ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങൾ ശൂന്യമായിരിക്കുന്നു; ഞാൻ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങൾ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു. നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊൾക എന്നു ഞാൻ കല്പിച്ചു; എന്നാൽ ഞാൻ അവളെ സന്ദർശിച്ചതുപോലെയൊക്കെയും അവളുടെ പാർപ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികളൊക്കെയും ചെയ്തുപോന്നു. അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാട്; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിനു ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണയിച്ചിരിക്കുന്നു; സർവഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy