YouVersion Logo
Search Icon

ഉത്തമഗീതം 5

5
1എന്റെ സഹോദരീ, എന്റെ കാന്തേ,
ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു;
ഞാൻ എന്റെ മൂറും സുഗന്ധവർഗവും പെറുക്കി;
ഞാൻ എന്റെ തേൻകട്ട തേനോടുകൂടെ തിന്നും
എന്റെ വീഞ്ഞ് പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു;
സ്നേഹിതന്മാരെ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
2ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.
വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം:
എന്റെ സഹോദരീ, എന്റെ പ്രിയേ,
എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക;
എന്റെ ശിരസ്സ് മഞ്ഞുകൊണ്ടും
കുറുനിരകൾ രാത്രിയിൽ പെയ്യുന്ന
തുള്ളികൊണ്ടും നനഞ്ഞിരിക്കുന്നു.
3എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു;
അതു വീണ്ടും ധരിക്കുന്നത് എങ്ങനെ?
ഞാൻ കാലുകളെ കഴുകിയിരിക്കുന്നു;
അവയെ മലിനമാക്കുന്നത് എങ്ങനെ?
4എന്റെ പ്രിയൻ ദ്വാരത്തിൽക്കൂടി കൈ നീട്ടി;
എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
5എന്റെ പ്രിയനു തുറക്കേണ്ടതിനു ഞാൻ എഴുന്നേറ്റു;
എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും
തഴുതുപിടികളിന്മേൽ പൊഴിച്ചു.
6ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു;
അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു;
ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല;
ഞാൻ അവനെ വിളിച്ചു;
അവൻ ഉത്തരം പറഞ്ഞില്ല.
7നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു;
മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
8യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ
ഞാൻ പ്രേമപരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കേണം
എന്നു ഞാൻ നിങ്ങളോട് ആണയിടുന്നു.
9സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ,
നിന്റെ പ്രിയനു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളൂ?
നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിനു
നിന്റെ പ്രിയനു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളൂ?
10എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ,
പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ.
11അവന്റെ ശിരസ്സ് അതിവിശേഷമായ തങ്കം;
അവന്റെ കുറുനിരകൾ ചുരുണ്ടും
കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
12അവന്റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം;
അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു.
13അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും
നറുന്തൈകളുടെ വാരവും,
അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു;
അതു മൂറിൻതൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
14അവന്റെ കൈകൾ ഗോമേദകം
പതിച്ചിരിക്കുന്ന സ്വർണനാളങ്ങൾ;
അവന്റെ ഉദരം നീലരത്നം പതിച്ച ദന്തനിർമ്മിതം.
15അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ;
അവന്റെ രൂപം ലെബാനോനെപ്പോലെ,
ദേവദാരുപോലെ തന്നെ ഉൽക്കൃഷ്ടമാകുന്നു.
16അവന്റെ വായ് ഏററവും മധുരമുള്ളത്;
അവൻ സർവാംഗസുന്ദരൻ തന്നെ.
യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ;
ഇവനത്രേ എന്റെ സ്നേഹിതൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy