YouVersion Logo
Search Icon

ഉത്തമഗീതം 3

3
1രാത്രിസമയത്ത് എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
2ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു,
വീഥികളിലും വിശാലസ്ഥലങ്ങളിലും
എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
3നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു.
4അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു.
ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും
എന്നെ പ്രസവിച്ചവളുടെ അറയിലേക്കും
കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
5യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.
6മൂറും കുന്തുരുക്കവുംകൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധ ചൂർണങ്ങൾകൊണ്ടും
പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
7ശലോമോന്റെ പല്ലക്കു തന്നെ;
യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ട്.
8അവരെല്ലാവരും വാളെടുത്ത യുദ്ധസമർഥന്മാർ;
രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്കു വാൾ കെട്ടിയിരിക്കുന്നു.
9ശലോമോൻരാജാവ് ലെബാനോനിലെ മരംകൊണ്ടു
തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി.
10അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളികൊണ്ടും
ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി;
അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട്
വിചിത്രഖചിതമായിരിക്കുന്നു.
11സീയോൻപുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്ന്
ശലോമോൻരാജാവിനെ അവന്റെ കല്യാണദിവസത്തിൽ,
അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ,
അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാൺമിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy