YouVersion Logo
Search Icon

രൂത്ത് 3

3
1അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന് ഞാൻ നിനക്കുവേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ? 2നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു. 3ആകയാൽ നീ കുളിച്ച് തൈലംപൂശി വസ്ത്രം ധരിച്ച് കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുത്. 4ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്ന് അവൻ നിനക്കു പറഞ്ഞുതരും. 5അതിന് അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്ന് അവളോടു പറഞ്ഞു. 6അങ്ങനെ അവൾ കളത്തിൽ ചെന്ന് അമ്മാവിയമ്മ കല്പിച്ചതുപോലെയൊക്കെയും ചെയ്തു. 7ബോവസ് തിന്നു കുടിച്ച് ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു. 8അർധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്ന് അവൻ ചോദിച്ചു. 9ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അടിയന്റെമേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്ന് അവൾ പറഞ്ഞു. 10അതിന് അവൻ പറഞ്ഞത്: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. 11ആകയാൽ മകളേ, ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമസ്ത്രീ എന്ന് എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം. 12ഞാൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നതു സത്യം തന്നെ; എങ്കിലും എന്നെക്കാൾ അടുത്ത ഒരു വീണ്ടെടുപ്പുകാരൻ ഉണ്ട്. 13ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചാൽ കൊള്ളാം; അവൻ നിവർത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിപ്പാൻ അവനു മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചുതരും; രാവിലെവരെ കിടന്നുകൊൾക. 14അങ്ങനെ അവൾ രാവിലെവരെ അവന്റെ കാൽക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകും മുമ്പേ അവൾ എഴുന്നേറ്റു. 15നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്ന് അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി. 16അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്ന് അവൾ ചോദിച്ചു; ആയാൾ തനിക്ക് ചെയ്തതൊക്കെയും അവൾ അറിയിച്ചു. 17അമ്മാവിയമ്മയുടെ അടുക്കൽ വെറുംകൈയായിപ്പോകരുത് എന്ന് അവൻ എന്നോടു പറഞ്ഞ് ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്ന് അവൾ പറഞ്ഞു. 18അതിന് അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്ന് ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy