YouVersion Logo
Search Icon

റോമർ 9:16-33

റോമർ 9:16-33 MALOVBSI

അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്. “ഇതിനായിട്ടുതന്നെ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിനും എന്റെ നാമം സർവഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു. ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും. അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ? അല്ല, കുശവന് അതേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം മാനത്തിനും മറ്റൊരു പാത്രം അപമാനത്തിനും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല; ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ; തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്? “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും. നിങ്ങൾ എന്റെ ജനമല്ല എന്ന് അവരോട് പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽമക്കളുടെ എണ്ണം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ച് ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചുപറയുന്നു. “സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ. ആകയാൽ നാം എന്തു പറയേണ്ടൂ? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതിതന്നെ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല. അതെന്തുകൊണ്ട്? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടുതന്നെ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി: “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപാറയും വയ്ക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

Free Reading Plans and Devotionals related to റോമർ 9:16-33