YouVersion Logo
Search Icon

റോമർ 15:14-33

റോമർ 15:14-33 MALOVBSI

സഹോദരന്മാരേ, നിങ്ങൾതന്നെ ദയാപൂർണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു. എങ്കിലും ജാതികൾ എന്ന വഴിപാട് പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാൻ ഞാൻ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ട് ജാതികളിൽ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന് ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓർമപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്ത് അതിധൈര്യമായി നിങ്ങൾക്ക് എഴുതിയിരിക്കുന്നു. ക്രിസ്തുയേശുവിൽ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ട്. ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. അങ്ങനെ ഞാൻ യെരൂശലേംമുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു. ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിനു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല, “അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്ന് എഴുതിയിരിക്കുന്നതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിനു പലപ്പോഴും മുടക്കം വന്നു. ഇപ്പോഴോ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാൺമാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു. ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്‍വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു. യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ധർമോപകാരം ചെയ്‍വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് ഇഷ്ടം തോന്നി. അവർക്ക് ഇഷ്ടം തോന്നി എന്നു മാത്രമല്ല, അത് അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്‍വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. ഞാൻ അതു നിവർത്തിച്ച് ഈ ഫലം അവർക്ക് ഏല്പിച്ചു ബോധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു. എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു പ്രസാദമായിത്തീരേണ്ടതിനും ഇങ്ങനെ ഞാൻ ദൈവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിനും നിങ്ങൾ എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാർഥനയിൽ എന്നോടുകൂടെ പോരാടേണം എന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy