YouVersion Logo
Search Icon

വെളിപ്പാട് 22

22
1വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. 2നദിക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്; അതു പന്ത്രണ്ടു വിധം ഫലം കായ്ച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു. 3യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. 4അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. 5ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.
6പിന്നെ അവൻ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവ് വേഗത്തിൽ സംഭവിക്കേണ്ടതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു. 7ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.
8ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നെ. കേൾക്കയും കാണുകയും ചെയ്തശേഷം അത് എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു. 9എന്നാൽ അവൻ എന്നോട്: അതരുത്; ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
10അവൻ പിന്നെയും എന്നോടു പറഞ്ഞത്: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. 11അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. 12ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്. 13ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. 14ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്ക് അധികാരം ഉണ്ടാകേണ്ടതിനും ഗോപുരങ്ങളിൽക്കൂടി നഗരത്തിൽ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ. 15നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നെ.
16യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോട് ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
17വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
18ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. 19ഈ പ്രവചനപുസ്തകത്തിലെ വചനത്തിൽനിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.
20ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്ന് അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ.
21കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy