YouVersion Logo
Search Icon

വെളിപ്പാട് 17

17
1പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്ന് എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ ഭൂവാസികളെ മത്തരാക്കിയവളായി 2പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു. 3അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുംചുവപ്പുള്ളൊരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. 4ആ സ്ത്രീ ധൂമ്രവർണവും കടുംചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണപാനപാത്രം കൈയിൽ പിടിച്ചിരുന്നു. 5മർമം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്. 6വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ട് അത്യന്തം ആശ്ചര്യപ്പെട്ടു. 7ദൂതൻ എന്നോടു പറഞ്ഞത്: നീ ആശ്ചര്യപ്പെടുന്നത് എന്ത്? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമം ഞാൻ പറഞ്ഞുതരാം. 8നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനംമുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ട് അതിശയിക്കും. 9ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. 10അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചു പേർ വീണുപോയി; ഒരുത്തൻ ഉണ്ട്; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്ന് ഇരിക്കേണ്ടതാകുന്നു. 11ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നെ; അവൻ നാശത്തിലേക്കു പോകുന്നു. 12നീ കണ്ട പത്തു കൊമ്പ് പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോട് ഒന്നിച്ച് ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരെപ്പോലെ അധികാരം പ്രാപിക്കുംതാനും. 13ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു ഏല്പിച്ചുകൊടുക്കുന്നു. 14അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും. 15പിന്നെ അവൻ എന്നോടു പറഞ്ഞത്: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ. 16നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. 17ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങളുടെ രാജത്വം മൃഗത്തിനു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു. 18നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെമേൽ രാജത്വമുള്ള മഹാനഗരംതന്നെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy