YouVersion Logo
Search Icon

വെളിപ്പാട് 13

13
1അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളൊരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നത് ഞാൻ കണ്ടു. 2ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിനു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. 3അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. 4മൃഗത്തിന് അധികാരം കൊടുത്തതുകൊണ്ട് അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുതുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. 5വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിനു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു. 6അത് ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിനായി വായ്തുറന്നു. 7വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിപ്പാനും അതിന് അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. 8ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികളൊക്കെയും അതിനെ നമസ്കരിക്കും. 9ചെവിയുള്ളവൻ കേൾക്കട്ടെ. 10അടിമയാക്കി കൊണ്ടുപോകുന്നവൻ അടിമയായിപ്പോകും; വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കേണ്ടിവരും: ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ട് ആവശ്യം.
11മറ്റൊരു മൃഗം ഭൂമിയിൽനിന്നു കയറുന്നത് ഞാൻ കണ്ടു; അതിനു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അത് മഹാസർപ്പം എന്നപോലെ സംസാരിച്ചു. 12അത് ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു. 13അത് മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറ് വലിയ അടയാളങ്ങൾ പ്രവർത്തിക്കയും 14മൃഗത്തിന്റെ മുമ്പിൽ പ്രവർത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിനു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു. 15മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയൊക്കെയും കൊല്ലിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയ്ക്ക് ആത്മാവിനെ കൊടുപ്പാൻ അതിനു ബലം ലഭിച്ചു. 16അത് ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലംകൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും 17മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു. 18ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറ്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy