YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 56

56
സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണഗീതം; ഫെലിസ്ത്യർ അവനെ ഗത്തിൽവച്ചു പിടിച്ചപ്പോൾ ചമച്ചത്.
1ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ;
മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു;
അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.
2എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു;
ഗർവത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ.
3ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.
4ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും;
ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.
ജഡത്തിന് എന്നോട് എന്തുചെയ്‍വാൻ കഴിയും?
5ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു;
അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരേ തിന്മയ്ക്കായിട്ടാകുന്നു.
6അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു;
എന്റെ പ്രാണനായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
7നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ?
ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ.
8നീ എന്റെ ഉഴൽച്ചകളെ എണ്ണുന്നു;
എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ;
അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?
9ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ
എന്റെ ശത്രുക്കൾ പിന്തിരിയുന്നു;
ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു.
10ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും;
ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.
11ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.
മനുഷ്യന് എന്നോട് എന്തു ചെയ്‍വാൻ കഴിയും?
12ദൈവമേ, നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടപ്പെട്ടിരിക്കുന്നു;
ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും.
13ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിനു
നീ എന്റെ പ്രാണനെ മരണത്തിൽനിന്നും
എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy