YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 5

5
സംഗീതപ്രമാണിക്ക് വേണുനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, എന്റെ വാക്കുകൾക്കു ചെവിതരേണമേ;
എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ.
2എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ,
എന്റെ സങ്കടയാചന കേൾക്കേണമേ;
നിന്നോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.
3യഹോവേ, രാവിലെ എന്റെ പ്രാർഥന കേൾക്കേണമേ;
രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
4നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;
ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.
5അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല;
നീതികേടു പ്രവർത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു.
6ഭോഷ്കുപറയുന്നവരെ നീ നശിപ്പിക്കും;
രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് അറപ്പാകുന്നു;
7ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്ന്
നിന്റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
8യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം
നിന്റെ നീതിയാൽ എന്നെ നടത്തേണമേ;
എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
9അവരുടെ വായിൽ ഒട്ടും നേരില്ല;
അവരുടെ അന്തരംഗം നാശകൂപം തന്നെ;
അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു;
നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
10ദൈവമേ അവരെ കുറ്റം വിധിക്കേണമേ;
തങ്ങളുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ;
അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ;
നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.
11എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവർ എല്ലാവരും സന്തോഷിക്കും;
നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും;
നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും.
12യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും;
പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy