YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 2

2
1മകനേ, ജ്ഞാനത്തിനു ചെവികൊടുക്കയും
ബോധത്തിനു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്
2എന്റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,
3നീ ബോധത്തിനായി വിളിച്ച് വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ,
4അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,
5നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
6യഹോവയല്ലോ ജ്ഞാനം നല്കുന്നത്;
അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു.
7അവൻ നേരുള്ളവർക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു:
നിഷ്കളങ്കമായി നടക്കുന്നവർക്ക് അവൻ ഒരു പരിച തന്നെ.
8അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു;
തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
9അങ്ങനെ നീ നീതിയും ന്യായവും നേരും സകല സന്മാർഗവും ഗ്രഹിക്കും.
10ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും;
പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും.
11വകതിരിവ് നിന്നെ കാക്കും;
വിവേകം നിന്നെ സൂക്ഷിക്കും.
12അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും
വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.
13അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരേയുള്ള പാത വിട്ടുകളകയും
14ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.
15അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
16അത് നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും
ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
17അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ച്
തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
18അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല;
ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
20അതുകൊണ്ട് നീ സജ്ജനത്തിന്റെ വഴിയിൽ നടന്ന്
നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊൾക.
21നേരുള്ളവർ ദേശത്തു വസിക്കും;
നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.
22എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും;
ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy