YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 18

18
1കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു;
സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു.
2തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ
മൂഢനു ബോധത്തിൽ ഇഷ്ടമില്ല.
3ദുഷ്ടനോടുകൂടെ അപമാനവും
ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു.
4മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും
ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.
5നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിനു
ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
6മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു;
അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.
7മൂഢന്റെ വായ് അവനു നാശം;
അവന്റെ അധരങ്ങൾ അവന്റെ പ്രാണനു കെണി.
8ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനം പോലെയിരിക്കുന്നു;
അത് വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
9വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.
10യഹോവയുടെ നാമം ബലമുള്ള ഗോപുരം;
നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.
11ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം;
അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു.
12നാശത്തിനു മുമ്പേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു;
മാനത്തിനു മുമ്പേ താഴ്മ.
13കേൾക്കുംമുമ്പേ ഉത്തരം പറയുന്നവന്
അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.
14പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും;
തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?
15ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു;
ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
16മനുഷ്യൻ വയ്ക്കുന്ന കാഴ്ചയാൽ അവനു പ്രവേശനം കിട്ടും;
അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.
17തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും;
എന്നാൽ അവന്റെ പ്രതിയോഗി വന്ന് അവനെ പരിശോധിക്കും.
18ചീട്ട് തർക്കങ്ങളെ തീർക്കയും
ബലവാന്മാരെ തമ്മിൽ വേർപെടുത്തുകയും ചെയ്യുന്നു.
19ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജയനാകുന്നു;
അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നെ.
20വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും;
അധരങ്ങളുടെ വിളവുകൊണ്ട് അവനു തൃപ്തിവരും;
21മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു;
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
22ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു;
യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
23ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു;
ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
24വളരെ സ്നേഹിതന്മാരുള്ള മനുഷ്യനു നാശം വരും;
എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy