YouVersion Logo
Search Icon

മർക്കൊസ് 9:30-50

മർക്കൊസ് 9:30-50 MALOVBSI

അവിടെനിന്ന് അവർ പുറപ്പെട്ടു ഗലീലയിൽക്കൂടി സഞ്ചരിച്ചു; അത് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു. അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച് അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. ആ വാക്ക് അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു. അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവച്ചു തമ്മിൽ വാദിച്ചത് എന്ത് എന്ന് അവരോടു ചോദിച്ചു. അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു. അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. ഒരു ശിശുവിനെ എടുത്ത് അവരുടെ നടുവിൽ നിറുത്തി അണച്ചുകൊണ്ട് അവരോട്: ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു. യോഹന്നാൻ അവനോട്: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു. അതിനു യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചു പറവാൻ കഴിയുന്നവൻ ആരും ഇല്ല . നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്ക് അനുകൂലമല്ലോ. നിങ്ങൾ ക്രിസ്തുവിനുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവനു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നവന്റെ കഴുത്തിൽ വലിയൊരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്. നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കൈയുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്ക് നല്ലത്. നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലത്. നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്ക് നല്ലത്. അവിടെ അവരുടെ പുഴു ചാകുന്നില്ല; തീ കെടുന്നതുമില്ല. എല്ലാവനും തീകൊണ്ട് ഉപ്പിടും. ഉപ്പു നല്ലതു തന്നെ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിനു രസം വരുത്തും? നിങ്ങളിൽ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy