YouVersion Logo
Search Icon

മർക്കൊസ് 14:27-53

മർക്കൊസ് 14:27-53 MALOVBSI

യേശു അവരോട്: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകും എന്നു പറഞ്ഞു. പത്രൊസ് അവനോട്: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു. യേശു അവനോട്: ഇന്ന്, ഈ രാത്രിയിൽ തന്നെ, കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു. അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്ന് അധികമായി പറഞ്ഞു; അങ്ങനെ തന്നെ എല്ലാവരും പറഞ്ഞു. അവർ ഗെത്ത്ശെമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോട്: ഞാൻ പ്രാർഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്ത് ഉണർന്നിരിപ്പിൻ എന്ന് അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു; കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർഥിച്ചു: അബ്ബാ, പിതാവേ, നിനക്ക് എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. പിന്നെ അവൻ വന്ന് അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോട്: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർഥിപ്പിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർഥിച്ചു. മടങ്ങി വന്നാറെ അവരുടെ കണ്ണുകൾക്ക് ഭാരമേറിയിരുന്നതുകൊണ്ട് അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോട് എന്ത് ഉത്തരം പറയേണം എന്ന് അറിഞ്ഞില്ല. അവൻ മൂന്നാമതു വന്ന് അവരോട്: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്നു. എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ, പന്തിരുവരിൽ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നിവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻതന്നെ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്ന് അവർക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. അവൻ വന്ന് ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞ് അവനെ ചുംബിച്ചു. അവർ അവന്റെമേൽ കൈവച്ച് അവനെ പിടിച്ചു. അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാത് അറുത്തു. യേശു അവരോട്: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്ക് നിവൃത്തിവരേണ്ടതിന് ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു. ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. അവനോ പുതപ്പ് വിട്ട് നഗ്നനായി ഓടിപ്പോയി. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നുകൂടിയിരുന്നു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy