YouVersion Logo
Search Icon

മർക്കൊസ് 10

10
1അവിടെനിന്ന് അവൻ പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നുകൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു. 2അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷനു വിഹിതമോ എന്ന് അവനെ പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു. 3അവൻ അവരോട്: മോശെ നിങ്ങൾക്ക് എന്തു കല്പന തന്നു എന്നു ചോദിച്ചു. 4ഉപേക്ഷണപത്രം എഴുതിക്കൊടുത്ത് അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്ന് അവർ പറഞ്ഞു. 5യേശു അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്. 6സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. 7അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; 8ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ. 9ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. 10വീട്ടിൽവച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോടു ചോദിച്ചു. 11അവൻ അവരോട്: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. 12സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
13അവൻ തൊടേണ്ടതിനു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു. 14യേശു അതു കണ്ടാറെ മുഷിഞ്ഞ് അവരോട്: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ. 15ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 16പിന്നെ അവൻ അവരെ അണച്ച് അവരുടെമേൽ കൈവച്ചു, അവരെ അനുഗ്രഹിച്ചു.
17അവൻ പുറപ്പെട്ടു യാത്ര ചെയ്യുമ്പോൾ ഒരുവൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്ന് അവനോടു ചോദിച്ചു. 18അതിനു യേശു: എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല . 19കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. 20അവൻ അവനോട്: ഗുരോ, ഇതൊക്കെയും ഞാൻ ചെറുപ്പംമുതൽ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു. 21യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 22അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
23യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം എന്നു പറഞ്ഞു. 24അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം. 25ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്ന് ഉത്തരം പറഞ്ഞു. 26അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. 27യേശു അവരെ നോക്കി; മനുഷ്യർക്ക് അസാധ്യം തന്നെ, ദൈവത്തിന് അല്ലതാനും. ദൈവത്തിനു സകലവും സാധ്യമല്ലോ എന്നു പറഞ്ഞു.
28പത്രൊസ് അവനോട്: ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞു തുടങ്ങി. 29അതിനു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, 30ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ, നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 31എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്ന് ഉത്തരം പറഞ്ഞു.
32അവർ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവർക്കു മുമ്പായി നടന്നു; അവർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ട് അവരോട്: 33ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്ക് ഏല്പിക്കും. 34അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞുതുടങ്ങി.
35സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്ന് അവനോട്: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 36അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു. 37നിന്റെ മഹത്ത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ വരം നല്കേണം എന്ന് അവർ പറഞ്ഞു. 38യേശു അവരോട്: നിങ്ങൾ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന് കഴിയും എന്ന് അവർ പറഞ്ഞു. 39യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും നിശ്ചയം. 40എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എൻറേതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു. 41അതു ശേഷം പത്തു പേരും കേട്ടിട്ട് യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടു തുടങ്ങി. 42യേശു അവരെ അടുക്കെ വിളിച്ച് അവരോട്: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെമേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു. 43നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; 44നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. 45മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്.
46അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവിൽനിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു. 47നസറായനായ യേശു എന്നു കേട്ടിട്ട് അവൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുതുടങ്ങി. 48മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്ന് അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു. 49അപ്പോൾ യേശു നിന്നു: അവനെ വിളിപ്പിൻ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്ക്ക, നിന്നെ വിളിക്കുന്നു എന്ന് അവർ പറഞ്ഞു കുരുടനെ വിളിച്ചു. 50അവൻ തന്റെ പുതപ്പ് ഇട്ടുംകളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കൽ വന്നു. 51യേശു അവനോട്: ഞാൻ നിനക്ക് എന്തു ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു. 52യേശു അവനോട്: പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy