YouVersion Logo
Search Icon

ലൂക്കൊസ് 8:1-25

ലൂക്കൊസ് 8:1-25 MALOVBSI

അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു. അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ട് അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു. പിന്നെ വലിയൊരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്ന് അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞത്: വിതയ്ക്കുന്നവൻ വിത്തു വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലത് വഴിയരികെ വീണിട്ട് ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു. മറ്റു ചിലത് പാറമേൽ വീണ് മുളച്ച് നനവില്ലായ്കയാൽ ഉണങ്ങിപ്പോയി. മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളുംകൂടെ മുളച്ച് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലത് നല്ല നിലത്തു വീണു മുളച്ചു നൂറു മേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമ എന്ത് എന്നു ചോദിച്ചതിന് അവൻ പറഞ്ഞത്: ദൈവരാജ്യത്തിന്റെ മർമങ്ങളെ അറിയുവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ. ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാച് വന്ന് അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നു. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. മുള്ളിനിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണമായി ഫലം കൊടുക്കാത്തവരത്രേ. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നെ. വിളക്കു കൊളുത്തീട്ട് ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വയ്ക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്. വെളിപ്പെടാതെ ഗൂഢമായത് ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല. ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവനു കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതുംകൂടെ എടുത്തുകളയും. അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കൽ വന്നു; പുരുഷാരം നിമിത്തം അവനോട് അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാൺമാൻ ഇച്ഛിച്ചുകൊണ്ട് പുറത്തുനില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു. അവരോട് അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ എന്ന് ഉത്തരം പറഞ്ഞു. ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്ന് അവരോടു പറഞ്ഞു. അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി. തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ട് അവർ പ്രാണഭയത്തിലായി അടുക്കൽ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്: നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞ് ആശ്ചര്യപ്പെട്ടു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy