YouVersion Logo
Search Icon

ലൂക്കൊസ് 20:1-26

ലൂക്കൊസ് 20:1-26 MALOVBSI

ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോട് ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്: നീ എന്ത് അധികാരംകൊണ്ട് ഇത് ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നത് ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു. അതിന് ഉത്തരമായി അവൻ: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ. യോഹന്നാന്റെ സ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത് എന്നു ചോദിച്ചു. അവർ തമ്മിൽ നിരൂപിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ ചോദിക്കും. മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ, ജനമൊക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്ന് ഉറച്ചിരിക്കകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്: എവിടെനിന്നോ ഞങ്ങൾ അറിയുന്നില്ല എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട്: എന്നാൽ ഞാൻ ഇതു ചെയ്യുന്നത് ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു. അനന്തരം അവൻ ജനത്തോട് ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ട് ഏറിയകാലം പരദേശത്തു പോയി പാർത്തു. സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതേ അയച്ചുകളഞ്ഞു. അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതേ അയച്ചുകളഞ്ഞു. അവൻ മൂന്നാമത് ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടൂ? എന്റെ പ്രിയപുത്രനെ അയയ്ക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു. കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി; അവകാശം നമുക്ക് ആകേണ്ടതിന് നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചുപറഞ്ഞു. അവർ അവനെ തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും? അവൻ വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്ക് ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ട് അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. അവനോ അവരെ നോക്കി: “എന്നാൽ വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” എന്ന് എഴുതിയിരിക്കുന്നത് എന്ത്? ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ട് ആ നാഴികയിൽതന്നെ അവന്റെമേൽ കൈ വയ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു. പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാൻ തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനോട്: ഗുരോ, നീ നേർ പറഞ്ഞ് ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു. നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരുടെ ഉപായം ഗ്രഹിച്ചിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിപ്പിൻ; അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന്: കൈസരുടേത് എന്ന് അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്ന് അവൻ അവരോട് പറഞ്ഞു. അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽവച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy