YouVersion Logo
Search Icon

ലൂക്കൊസ് 2:25-52

ലൂക്കൊസ് 2:25-52 MALOVBSI

യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെമേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്ന്; യേശു എന്ന പൈതലിനുവേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കൈയിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്ത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്റെ അമ്മയായ മറിയയോട്: അനേക ഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന് ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും മറുത്തുപറയുന്ന അടയാളത്തിനുമായി വച്ചിരിക്കുന്നു. നിന്റെ സ്വന്ത പ്രാണനിൽക്കൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു. ആശേർഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്‍സരം കഴിച്ച് എൺപത്തിനാല് സംവത്‍സരം വിധവയും വളരെ വയസ്സു ചെന്നവളുമായി ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തുപോന്നു. ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു. കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി. പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകും. അവനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്ന് അവർ ഊഹിച്ചിട്ട് ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. കാണാഞ്ഞിട്ട് അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു. അമ്മ അവനോട്: മകനേ, ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്ന് പറഞ്ഞു. അവൻ അവരോട്: എന്നെ തിരഞ്ഞത് എന്തിന്? എന്റെ പിതാവിനുള്ളതിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ എന്നു പറഞ്ഞു. അവൻ തങ്ങളോടു പറഞ്ഞ വാക്ക് അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy