YouVersion Logo
Search Icon

ലൂക്കൊസ് 14:1-24

ലൂക്കൊസ് 14:1-24 MALOVBSI

പരീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. മഹോദരമുള്ളൊരു മനുഷ്യൻ അവന്റെ മുമ്പിൽ ഉണ്ടായിരുന്നു. യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: ശബ്ബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. അവൻ അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു. പിന്നെ അവരോട്: നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന് പ്രത്യുത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല. ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ട് അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ഒരുത്തൻ നിന്നെ കല്യാണത്തിനു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുത്; പക്ഷേ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്ന്: ഇവന് ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തു പോയി ഇരിക്കേണ്ടിവരും. നിന്നെ വിളിച്ചാൽ ചെന്ന് ഒടുക്കത്തെ സ്ഥലത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്ന് ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും. കൂടെ പന്തിയിലിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്ന് അവനോട് പറഞ്ഞു; അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു. അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു. എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. മറ്റൊരുത്തൻ: ഞാൻ അഞ്ചേർ കാളയെ കൊണ്ടിട്ടുണ്ട്; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു. ദാസൻ മടങ്ങിവന്നു യജമാനനോട് അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു. യജമാനൻ ദാസനോട്: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടു നിറയേണ്ടതിനു കണ്ടവരെ അകത്തുവരുവാൻ നിർബന്ധിക്ക. ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy