YouVersion Logo
Search Icon

ലൂക്കൊസ് 13:1-22

ലൂക്കൊസ് 13:1-22 MALOVBSI

ആ സമയത്തു തന്നെ അവിടെ ഉണ്ടായിരുന്ന ചിലർ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോട് അറിയിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: ആ ഗലീലക്കാർ ഇത് അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടു പേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഈ ഉപമയും പറഞ്ഞു: ഒരുത്തനു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നൊരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞു വന്നു, കണ്ടില്ലതാനും. അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക, അതു നിലത്തെ നിഷ്ഫലമാക്കുന്നത് എന്തിന് എന്നു പറഞ്ഞു. അതിന് അവൻ: കർത്താവേ, ഞാൻ അതിനു ചുറ്റും കിളച്ചു വളം ഇടുവോളം ഈ ആണ്ടുംകൂടെ നില്ക്കട്ടെ. മേലാൽ കായ്ച്ചെങ്കിലോ- ഇല്ലെങ്കിൽ വെട്ടിക്കളയാം എന്ന് ഉത്തരം പറഞ്ഞു. ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു. അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ട് അടുക്കെ വിളിച്ച്: സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞ് അവളുടെമേൽ കൈവച്ചു. അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോട്: വേല ചെയ്‍വാൻ ആറു ദിവസമുണ്ടല്ലോ; അതിനകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുത് എന്നു പറഞ്ഞു. കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽനിന്ന് അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു; അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരമൊക്കെയും സന്തോഷിച്ചു. പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോട് അതിനെ ഉപമിക്കേണ്ടൂ? ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട” കടുകുമണിയോട് അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്ന് അതിന്റെ കൊമ്പുകളിൽ വസിച്ചു. പിന്നെയും അവൻ ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കേണ്ടൂ? അതു പുളിച്ച മാവിനോടു തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു എന്നു പറഞ്ഞു. അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് യെരൂശലേമിലേക്കു യാത്രചെയ്തു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy