YouVersion Logo
Search Icon

യോശുവ 3

3
1അനന്തരം യോശുവ അതികാലത്ത് എഴുന്നേറ്റ്, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ട് യോർദ്ദാനരികെ വന്ന് മറുകര കടക്കുംമുമ്പേ അവിടെ താമസിച്ചു. 2മൂന്നു ദിവസം കഴിഞ്ഞിട്ട് പ്രമാണികൾ പാളയത്തിൽക്കൂടി നടന്ന് ജനത്തോടു കല്പിച്ചതെന്തെന്നാൽ: 3നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ട് അതിന്റെ പിന്നാലെ ചെല്ലേണം. 4എന്നാൽ നിങ്ങൾക്കും അതിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോട് അടുക്കരുത്; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പേ പോയിട്ടില്ലല്ലോ. 5പിന്നെ യോശുവ ജനത്തോട്: നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു. 6പുരോഹിതന്മാരോട് യോശുവ: നിങ്ങൾ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി അക്കരെ കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി നടന്നു. 7പിന്നെ യഹോവ യോശുവയോട്: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാൻ ഇന്ന് അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും. 8നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക എന്ന് അരുളിച്ചെയ്തു.
9യോശുവ യിസ്രായേൽമക്കളോട്: ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ എന്നു പറഞ്ഞു. 10യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്ന് നിങ്ങൾ ഇതിനാൽ അറിയും. 11ഇതാ, സർവഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്കു കടക്കുന്നു. 12ആകയാൽ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്ന് പന്ത്രണ്ട് ആളെ കൂട്ടുവിൻ. 13സർവഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ട് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും. 14അങ്ങനെ ജനം യോർദ്ദാനക്കരെ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനു മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോർദ്ദാനരികെ വന്നു. 15കൊയ്ത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞ് ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്ത് മുങ്ങിയപ്പോൾ മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; 16സാരെഥാനു സമീപത്തുള്ള ആദാംപട്ടണത്തിനരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബായിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിനു നേരേ മറുകര കടന്നു. 17യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.

Currently Selected:

യോശുവ 3: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy