YouVersion Logo
Search Icon

ഇയ്യോബ് 4

4
1അതിനു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ?
എന്നാൽ വാക്കടക്കുവാൻ ആർക്കു കഴിയും?
3നീ പലരേയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
4വീഴുന്നവനെ നിന്റെ വാക്കു താങ്ങി
കുഴയുന്ന മുഴംകാൽ നീ ഉറപ്പിച്ചിരിക്കുന്നു.
5ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു;
നിനക്കതു തട്ടിയിട്ടു നീ ഭ്രമിച്ചു പോകുന്നു.
6നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ?
നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
7ഓർത്തുനോക്കുക: നിർദോഷിയായി നശിച്ചവൻ ആർ?
നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ?
8ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു
കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.
9ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു;
അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.
10സിംഹത്തിന്റെ ഗർജനവും കേസരിയുടെ നാദവും
ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
11സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു;
സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു.
12എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി;
അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.
13മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുന്നേരം
രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ
14ഭയവും നടുക്കവും എന്നെ പിടിച്ചു.
എന്റെ അസ്ഥികളൊക്കെയും കുലുങ്ങിപ്പോയി.
15ഒരാത്മാവ് എന്റെ മുഖത്തിനെതിരേ കടന്നു
എന്റെ ദേഹത്തിനു രോമഹർഷം ഭവിച്ചു.
16ഒരു പ്രതിമ എന്റെ കണ്ണിനെതിരേ നിന്നു;
എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല;
മന്ദമായൊരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ:
17മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?
നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
18ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല;
തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.
19പൊടിയിൽനിന്നുദ്ഭവിച്ചു മൺപുരകളിൽ പാർത്തു
പുഴുപോലെ ചതഞ്ഞു പോകുന്നവരിൽ എത്ര അധികം!
20ഉഷസ്സിനും സന്ധ്യക്കും മധ്യേ അവർ തകർന്നുപോകുന്നു;
ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.
21അവരുടെ കൂടാരക്കയർ അറ്റുപോയിട്ട് അവർ
ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy