YouVersion Logo
Search Icon

ഇയ്യോബ് 38:4-21

ഇയ്യോബ് 38:4-21 MALOVBSI

ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ? ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടച്ചവൻ ആർ? അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി; ഞാൻ അതിന് അതിർ നിയമിച്ചു കതകും ഓടാമ്പലും വച്ചു. ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്; ഇവിടെ നിന്റെ തിരമാലകളുടെ ഗർവം നിലയ്ക്കും എന്നു കല്പിച്ചു. ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിനും നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിനു കല്പന കൊടുക്കുകയും അരുണോദയത്തിനു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ? അതു മുദ്രയ്ക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങി നില്ക്കുന്നു. ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്റെ പാർപ്പിടവും എവിടെ? നിനക്ക് അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ? നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്ക് ആയുസ്സ് ഒട്ടും കുറവല്ലല്ലോ; നീ അത് അറിയാതിരിക്കുമോ?

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy