YouVersion Logo
Search Icon

യോഹന്നാൻ 9:24-41

യോഹന്നാൻ 9:24-41 MALOVBSI

കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിനു മഹത്ത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്ന് ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു. അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു; ഇപ്പോൾ കണ്ണു കാണുന്നു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: അവൻ നിനക്ക് എന്തു ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു. അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവനെ ശകാരിച്ചു; നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്ന് എന്ന് അറിയുന്നില്ല എന്നു പറഞ്ഞു. ആ മനുഷ്യൻ അവരോട്: എന്റെ കണ്ണുതുറന്നിട്ടും അവൻ എവിടെനിന്ന് എന്ന് നിങ്ങൾ അറിയാത്തത് ആശ്ചര്യം. പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്ന് അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന കേൾക്കുന്നു എന്നും നാം അറിയുന്നു. കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‍വാൻ കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞ് അവനെ പുറത്താക്കിക്കളഞ്ഞു. അവനെ പുറത്താക്കി എന്ന് യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: നീ അവനെ കണ്ടിട്ടുണ്ട്; നിന്നോടു സംസാരിക്കുന്നവൻ അവൻതന്നെ എന്നു പറഞ്ഞു. ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു. കാണാത്തവർ കാൺമാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു. അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട് ഞങ്ങളും കുരുടരോ എന്നു ചോദിച്ചു. യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്ന് നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy