YouVersion Logo
Search Icon

യോഹന്നാൻ 1:1-28

യോഹന്നാൻ 1:1-28 MALOVBSI

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവനു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിനായി, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻതന്നെ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്. വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻതന്നെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ നിറവിൽനിന്നു നമുക്ക് എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിനു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തുവല്ല എന്ന് ഏറ്റുപറഞ്ഞു. പിന്നെ എന്ത്? നീ ഏലീയാവോ എന്ന് അവനോടു ചോദിച്ചതിന്: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്ന് അവൻ ഉത്തരം പറഞ്ഞു. അവർ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിനു നീ നിന്നെക്കുറിച്ചുതന്നെ എന്തു പറയുന്നു എന്നു ചോദിച്ചു. അതിന് അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരേ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. അയയ്ക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു. എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത് എന്ന് അവർ ചോദിച്ചു. അതിനു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്; എന്റെ പിന്നാലെ വരുന്നവൻതന്നെ; അവന്റെ ചെരിപ്പിന്റെ വാറ് അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്ന് ഉത്തരം പറഞ്ഞു. ഇതു യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy