YouVersion Logo
Search Icon

യെശയ്യാവ് 61

61
1എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറി കെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും 2യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും 3സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും. 4അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവന്മാരുടെ നിർജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും. 5അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയിക്കും; പരദേശക്കാർ നിങ്ങൾക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും. 6നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്ത് അനുഭവിച്ചു, അവരുടെ മഹത്ത്വത്തിന് അവകാശികൾ ആയിത്തീരും. 7നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം അവർ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ തങ്ങളുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്ക് ഉണ്ടാകും. 8യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർക്കു പ്രതിഫലം കൊടുത്ത് അവരോടു ഒരു ശാശ്വതനിയമം ചെയ്യും. 9ജാതികളുടെ ഇടയിൽ അവരുടെ സന്തതിയെയും വംശങ്ങളുടെ മധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവരൊക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്ന് അറിയും. 10ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. 11ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകല ജാതികളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy