YouVersion Logo
Search Icon

യെശയ്യാവ് 44

44
1ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക. 2നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശൂരൂനേ, നീ ഭയപ്പെടേണ്ടാ. 3ദാഹിച്ചിരിക്കുന്നേടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും. 4അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളച്ചുവരും. 5ഞാൻ യഹോവയ്ക്കുള്ളവൻ എന്ന് ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: യഹോവയ്ക്കുള്ളവൻ എന്ന് എഴുതി, യിസ്രായേൽ എന്നു മറുപേരെടുക്കും. 6യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. 7ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവയ്ക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ. 8നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടു തന്നെ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. 9വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ. 10ഒരു ദേവനെ നിർമ്മിക്കയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കയോ ചെയ്യുന്നവൻ ആർ? 11ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും. 12കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളംകുടിക്കാതെ തളർന്നുപോകുന്നു. 13ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു. 14ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലകവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ട് ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളർത്തുകയും ചെയ്യുന്നു. 15പിന്നെ അതു മനുഷ്യനു തീ കത്തിപ്പാൻ ഉതകുന്നു; അവൻ അതിൽ കുറെ എടുത്തു തീകായുകയും അതു കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീർത്ത് അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു. 16അതിൽ ഒരംശംകൊണ്ട് അവൻ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടുതിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു: നല്ല തീ, കുളിർ മാറി എന്നു പറയുന്നു. 17അതിന്റെ ശേഷിപ്പുകൊണ്ട് അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാർഥിച്ച്: എന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു. 18അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവൻ അടച്ചിരിക്കുന്നു. 19ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ട് ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ? എന്നിങ്ങനെ പറവാൻ തക്കവണ്ണം ഒരുത്തനും അറിവും ഇല്ല, ബോധവുമില്ല. 20അവൻ വെണ്ണീർ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലംകൈയിൽ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല. 21യാക്കോബേ, ഇത് ഓർത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നെ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല. 22ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. 23ആകാശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു. ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊൾവിൻ; പർവതങ്ങളും വനവും സകല വൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്ത്വപ്പെടുത്തുന്നു. 24നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നെ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? 25ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു. 26ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ച് എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു. 27ഞാൻ ആഴിയോട് ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു. 28കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy