YouVersion Logo
Search Icon

ഹബക്കൂക് 3

3
1വിഭ്രമരാഗത്തിൽ ഹബക്കൂക്പ്രവാചകന്റെ ഒരു പ്രാർഥനാഗീതം.
2യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി;
യഹോവേ, ആണ്ടുകൾ കഴിയുംമുമ്പേ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ;
ആണ്ടുകൾ കഴിയുംമുമ്പേ അതിനെ വെളിപ്പെടുത്തേണമേ;
ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.
3ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻപർവതത്തിൽനിന്നും വരുന്നു. സേലാ.
അവന്റെ പ്രഭ ആകാശത്തെ മൂടുന്നു;
അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
4സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായി വരുന്നു;
കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു;
അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
5മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു;
ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
6അവൻ നിന്നു ഭൂമിയെ കുലുക്കുന്നു;
അവൻ നോക്കി ജാതികളെ ചിതറിക്കുന്നു;
ശാശ്വതപർവതങ്ങൾ പിളർന്നുപോകുന്നു;
പുരാതനഗിരികൾ വണങ്ങി വീഴുന്നു;
അവൻ പുരാതനപാതകളിൽ നടക്കുന്നു.
7ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർഥത്തിൽ കാണുന്നു;
മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു.
8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ?
നിന്റെ കോപം നദികളുടെ നേരേ വരുന്നുവോ?
നീ കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ
നിന്റെ ക്രോധം സമുദ്രത്തിന്റെ നേരേ ഉള്ളതോ?
9നിന്റെ വില്ല് മുറ്റും അനാവൃതമായിരിക്കുന്നു;
വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടു കൂടിയിരിക്കുന്നു. സേലാ.
നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.
10പർവതങ്ങൾ നിന്നെ കണ്ടു വിറയ്ക്കുന്നു;
വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു;
ആഴി മുഴക്കം പുറപ്പെടുവിക്കുന്നു;
ഉയരത്തിലേക്കു കൈ ഉയർത്തുന്നു.
11നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും
മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
12ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു;
കോപത്തോടെ ജാതികളെ മെതിക്കുന്നു.
13നിന്റെ ജനത്തിന്റെ രക്ഷയ്ക്കായിട്ടും
നിന്റെ അഭിഷിക്തന്റെ രക്ഷയ്ക്കായിട്ടും നീ പുറപ്പെടുന്നു;
നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു,
അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
14നീ അവന്റെ കുന്തങ്ങൾകൊണ്ട് അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളയ്ക്കുന്നു;
എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു;
എളിയവനെ മറവിൽവച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
15നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ,
പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു.
16ഞാൻ കേട്ട് എന്റെ ഉദരം കുലുങ്ങിപ്പോയി,
മുഴക്കം ഹേതുവായി എന്റെ അധരം വിറച്ചു;
അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ
കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട്
എന്റെ അസ്ഥികൾക്ക് ഉരുക്കം തട്ടി,
ഞാൻ നിന്ന നിലയിൽ വിറച്ചുപോയി.
17അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല;
ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല;
ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും;
ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;
എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
19യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു;
അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു;
ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy