YouVersion Logo
Search Icon

ഉൽപത്തി 12:1-9

ഉൽപത്തി 12:1-9 MALOVBSI

യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ചു വയസ്സായിരുന്നു. അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻദേശത്ത് എത്തി. അബ്രാം ശെഖേമെന്ന സ്ഥലംവരെയും ഏലോൻമോരേവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യർ ദേശത്തു പാർത്തിരുന്നു. യഹോവ അബ്രാമിനു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവൻ അവിടെ ഒരു യാഗപീഠം പണിതു. അവൻ അവിടെനിന്നു ബേഥേലിനു കിഴക്കുള്ള മലയ്ക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാം പിന്നെയും തെക്കോട്ടു യാത്ര ചെയ്തുകൊണ്ടിരുന്നു.

Free Reading Plans and Devotionals related to ഉൽപത്തി 12:1-9