YouVersion Logo
Search Icon

യെഹെസ്കേൽ 37

37
1യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അത് അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു. 2അവൻ എന്നെ അവയുടെ ഇടയിൽക്കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു. 3അവൻ എന്നോട്: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിനു ഞാൻ: യഹോവയായ കർത്താവേ, നീ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു. 4അവൻ എന്നോടു കല്പിച്ചത്: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ! 5യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും. 6ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിനു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 7എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു. 8പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കു പൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു. 9അപ്പോൾ അവൻ എന്നോടു കല്പിച്ചത്: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെമേൽ ഊതുക. 10അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു. 11പിന്നെ അവൻ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വന്നു, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു എന്ന് അവർ പറയുന്നു. 12അതുകൊണ്ടു നീ പ്രവചിച്ച് അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും. 13അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 14നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാട്.
15യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 16മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്ത് അതിന്മേൽ: യെഹൂദായ്ക്കും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്ന് എഴുതിവയ്ക്ക; പിന്നെ മറ്റൊരു കോൽ എടുത്ത് അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിനും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിനൊക്കെക്കും എന്ന് എഴുതിവയ്ക്ക. 17പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കൈയിൽ ഒന്നായിത്തീരും. 18ഇതിന്റെ താൽപര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, 19നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ എഫ്രയീമിന്റെ കൈയിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവരെ അവനോട്, യെഹൂദായുടെ കോലിനോടുതന്നെ, ചേർത്ത് ഒരു കോലാക്കും; അവർ എന്റെ കൈയിൽ ഒന്നായിരിക്കും. 20നീ എഴുതിയ കോലുകൾ അവർ കാൺകെ നിന്റെ കൈയിൽ ഇരിക്കേണം. 21പിന്നെ നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നുചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും. 22ഞാൻ അവരെ ദേശത്ത്, യിസ്രായേൽപർവതങ്ങളിൽ തന്നെ, ഏകജാതിയാക്കും; ഒരേ രാജാവ് അവർക്കെല്ലാവർക്കും രാജാവായിരിക്കും, അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല. 23അവർ ഇനി വിഗ്രഹങ്ങളാലും മേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നെ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. 24എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്ന് എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും. 25എന്റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്ത് അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്ക് പ്രഭുവായിരിക്കും. 26ഞാൻ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവർക്ക് ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും. 27എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 28എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy