YouVersion Logo
Search Icon

യെഹെസ്കേൽ 26

26
1പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായിത്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ട് 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരേ പുറപ്പെട്ടുവരുമാറാക്കും. 4അവർ സോരിന്റെ മതിലുകളെ നശിപ്പിച്ച്, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞ് അതിനെ വെറും പാറയാക്കും. 5അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; അതു ജാതികൾക്കു കവർച്ചയായിത്തീരും. 6നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; ഞാൻ യഹോവ എന്ന് അവർ അറിയും. 7യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടുംകൂടെ സോരിനുനേരേ വരുത്തും. 8അവൻ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെ നേരേ കൊത്തളം പണിതു വാടകോരി നിന്റെ നേരേ ഒരു മറ നിർത്തും. 9അവൻ നിന്റെ മതിലുകളുടെ നേരേ യന്ത്രമുട്ടികളെ വച്ച് കോടാലികൊണ്ട് നിന്റെ ഗോപുരങ്ങളെ തകർത്തുകളയും. 10അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞു കിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്റെ മതിലുകൾ കുലുങ്ങിപ്പോകും. 11തന്റെ കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്റെ സകല വീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും. 12അവർ നിന്റെ സമ്പത്തു കവർന്നു നിന്റെ ചരക്കു കൊള്ളയിട്ടു നിന്റെ മതിലുകൾ ഇടിച്ചു നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും. 13നിന്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല. 14ഞാൻ നിന്നെ വെറും പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15യഹോവയായ കർത്താവ് സോരിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാൽ ദ്വീപുകൾ നടുങ്ങിപ്പോകയില്ലയോ? 16അപ്പോൾ സമുദ്രത്തിലെ സകല പ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവയ്ക്കും; അവർ വിറയൽപൂണ്ടു നിലത്തിരുന്നു മാത്രതോറും വിറച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും. 17അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികൾ പാർത്തതും കീർത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകല നിവാസികൾക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ! 18ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറയ്ക്കും; അതേ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും. 19യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും, 20ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്ക്കാതെയിരിക്കേണ്ടതിനും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാർപ്പിക്കയും ചെയ്യും. 21ഞാൻ നിന്നെ ശീഘ്രനാശത്തിന് ഏല്പിക്കും; നീ ഇല്ലാതെ ആയിപ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy