YouVersion Logo
Search Icon

ദാനീയേൽ 2

2
1നെബൂഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി. 2രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവ് കല്പിച്ചു; അവർ വന്ന് രാജസന്നിധിയിൽ നിന്നു. 3രാജാവ് അവരോട്: ഞാൻ ഒരു സ്വപ്നം കണ്ടു; സ്വപം ഓർക്കാഞ്ഞിട്ട് എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു. 4അതിനു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു. 5രാജാവ് കല്ദയരോട് ഉത്തരം അരുളിയത്: വിധി കല്പിച്ചുപോയി; സ്വപ്നവും അർഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും. 6സ്വപ്നവും അർഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർഥവും അറിയിപ്പിൻ. 7അവർ പിന്നെയും: രാജാവ് സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർഥം ബോധിപ്പിക്കാം എന്ന് ഉണർത്തിച്ചു. 8അതിനു രാജാവ് മറുപടി കല്പിച്ചത്: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ട് നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്ന് എനിക്കു മനസ്സിലായി. 9നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളൂ; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്ന് എനിക്കു ബോധ്യമാകും. 10കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല. 11രാജാവ് ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അത് അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല. 12ഇതു ഹേതുവായിട്ടു രാജാവ് കോപിച്ച് അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മാരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു. 13അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു. 14എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ട അര്യോക്കിനോട്: ദാനീയേൽ ബുദ്ധിയോടും വിവേകത്തോടുംകൂടെ ഉത്തരം പറഞ്ഞു. 15രാജസന്നിധിയിൽനിന്ന് ഇത്ര കഠിന കല്പന പുറപ്പെടുവാൻ സംഗതി എന്ത് എന്ന് അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക് ദാനീയേലിനോടു കാര്യം അറിയിച്ചു; 16ദാനീയേൽ അകത്തു ചെന്ന് രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോട് അർഥം അറിയിക്കാമെന്നും ബോധിപ്പിച്ചു. 17പിന്നെ ദാനീയേൽ വീട്ടിൽ ചെന്ന്, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന് 18ഈ രഹസ്യത്തെക്കുറിച്ചു സ്വർഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു. 19അങ്ങനെ ആ രഹസ്യം ദാനീയേലിനു രാത്രി ദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗസ്ഥനായ ദൈവത്തെ സ്തുതിച്ചു പറഞ്ഞത്: 20ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലോ. 21അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. 22അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു. 23എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോട് അപേക്ഷിച്ചത് ഇപ്പോൾ എന്നെ അറിയിച്ച് രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു. 24അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നശിപ്പിപ്പാൻ രാജാവ് നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്ന് അവനോട്: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർഥം ബോധിപ്പിക്കാം എന്നു പറഞ്ഞു. 25അര്യോക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർഥം ബോധിപ്പിക്കേണ്ടതിനു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്ന് ഉണർത്തിച്ചു. 26ബേൽത്ത്ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവ്: ഞാൻ കണ്ട സ്വപ്നവും അർഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു. 27ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല. 28എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിൽ ഉണ്ട്; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിത്: 29രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നത് എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നത് അറിയിച്ചുമിരിക്കുന്നു. 30എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോട് അർഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ട് അറിയേണ്ടതിനുമത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്. 31രാജാവ് കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. 32ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കൈയും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരുമ്പുകൊണ്ടും 33കാൽ പാതി ഇരുമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു. 34തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്നു ബിംബത്തെ ഇരുമ്പും കളിമണ്ണും കൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു. 35ഇരുമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്ന് വേനൽക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു, ഒരിടത്തും തങ്ങാതവണ്ണം കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപർവതമായിത്തീർന്നു ഭൂമിയിലൊക്കെയും നിറഞ്ഞു. 36ഇതത്രേ സ്വപ്നം; അർഥവും അടിയങ്ങൾ തിരുമനസ്സ് അറിയിക്കാം. 37രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്ത്വവും നല്കിയിരിക്കുന്നു. 38മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്ന്, എല്ലാറ്റിനും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നെ. 39തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉദ്ഭവിക്കും. 40നാലാമത്തെ രാജത്വം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരുമ്പുപോലെ അത് അവയെയൊക്കെയും ഇടിച്ചു തകർത്തുകളയും. 41കാലും കാൽവിരലും പാതി കളി മണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താൽപര്യമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരുമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരുമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും. 42കാൽവിരൽ പാതി ഇരുമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും. 43ഇരുമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താൽപര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരുമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. 44ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറേ ഒരു ജാതിക്ക് ഏല്പിക്കപ്പെടുകയില്ല; അത് ഈ രാജത്വങ്ങളെയൊക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും. 45കൈ തൊടാതെ ഒരു കല്ല് പർവതത്തിൽനിന്നു പറിഞ്ഞുവന്ന് ഇരുമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താൽപര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർഥം സത്യവും ആകുന്നു. 46അപ്പോൾ നെബൂഖദ്നേസർരാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു, അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കേണമെന്നു കല്പിച്ചു. 47രാജാവ് ദാനീയേലിനോട്: നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു. 48രാജാവ് ദാനീയേലിനെ മഹാനാക്കി, അവന് അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിനൊക്കെയും അധിപതിയും ബാബേലിലെ സകല വിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കിവച്ചു. 49ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാർത്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy