YouVersion Logo
Search Icon

കൊലൊസ്സ്യർ 3

3
1ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. 2ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ. 3നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. 4നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
5ആകയാൽ ദുർന്നടപ്പ്, അശുദ്ധി, അതിരാഗം, ദുർമോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. 6ഈ വക നിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു. 7അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പേ അവയിൽ നടന്നുപോന്നു. 8ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവയൊക്കെയും വിട്ടുകളവിൻ. 9അന്യോന്യം ഭോഷ്കു പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, 10തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. 11അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
12അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും 13ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ. 14എല്ലാറ്റിനും മീതെ സമ്പൂർണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. 15ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ. 16സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. 17വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
18ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ. 19ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കയ്പായിരിക്കയുമരുത്. 20മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ. 21പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്. 22ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടത്. 23നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‍വിൻ. 24അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. 25അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy