YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 8:26-40

അപ്പൊ. പ്രവൃത്തികൾ 8:26-40 MALOVBSI

അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോട്: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽനിന്നു ഗസയ്ക്കുള്ള നിർജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു. അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യരാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകല ഭണ്ഡാരത്തിനും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു. ആത്മാവ് ഫിലിപ്പൊസിനോട്: നീ അടുത്തുചെന്നു തേരിനോടു ചേർന്നു നടക്ക എന്നു പറഞ്ഞു. ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നത് കേട്ടു: നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്: ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്ന് അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്ന് അപേക്ഷിച്ചു. തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിത്: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ്തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവനു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽനിന്ന് അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ.” ഷണ്ഡൻ ഫിലിപ്പൊസിനോട്: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു. ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻതുടങ്ങി. അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന് എന്തു വിരോധം എന്നു പറഞ്ഞു. [അതിനു ഫിലിപ്പൊസ്: നീ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് അവൻ ഉത്തരം പറഞ്ഞു.] അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു.; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു. അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവ് ഫിലിപ്പൊസിനെ എടുത്തുകൊണ്ടു പോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുംകൊണ്ടു തന്റെ വഴിക്കു പോയി. ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy