അപ്പൊ. പ്രവൃത്തികൾ 23:1-15
അപ്പൊ. പ്രവൃത്തികൾ 23:1-15 MALOVBSI
പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്റെ വായ്ക്ക് അടിപ്പാൻ കല്പിച്ചു. പൗലൊസ് അവനോട്: ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു. അരികെ നില്ക്കുന്നവർ: നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്ന് ചോദിച്ചു. അതിന് പൗലൊസ്: സഹോദരന്മാരേ, മഹാപുരോഹിതൻ എന്ന് ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത് എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. എന്നാൽ ന്യായാധിപസംഘത്തിൽ ഒരുപക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്ന് പൗലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു. പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്ന് സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നും പ്രമാണിക്കുന്നു. അങ്ങനെ വലിയൊരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റ് വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോട് സംസാരിച്ചു എന്ന് വന്നേക്കാം എന്നു പറഞ്ഞു. അങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു. രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽനിന്ന്: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്ന് അരുളിച്ചെയ്തു. നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഈ ശപഥം ചെയ്തവർ നാല്പതിൽ അധികം പേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പേ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.


![[Acts Inspiration For Transformation Series] Fight The Good Fight അപ്പൊ. പ്രവൃത്തികൾ 23:1-15 സത്യവേദപുസ്തകം OV Bible (BSI)](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F15127%2F1440x810.jpg&w=3840&q=75)


