YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 21:1-17

അപ്പൊ. പ്രവൃത്തികൾ 21:1-17 MALOVBSI

അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരേ ഓടി കോസിലും പിറ്റന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി. ഫൊയ്നീക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി. കുപ്രൊസ്ദ്വീപ് കണ്ട് അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്ക് ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്ക് ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി, ഏഴു നാൾ അവിടെ പാർത്തു. അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുത് എന്ന് ആത്മാവിനാൽ പറഞ്ഞു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിനു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്ക്കരയിൽ മുട്ടുകുത്തി പ്രാർഥിച്ച് തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്കു മടങ്ങിപ്പോയി. ഞങ്ങൾ സോർ വിട്ടു കപ്പലോട്ടം തികച്ചു പ്തൊലെമായിസിൽ എത്തി സഹോദരന്മാരെ വന്ദനം ചെയ്ത് ഒരു ദിവസം അവരോടുകൂടെ പാർത്തു. പിറ്റന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, എഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്ന് അവനോടുകൂടെ പാർത്തു. അവനു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കൈയിൽ ഏല്പിക്കും എന്ന് പരിശുദ്ധാത്മാവ് പറയുന്നു എന്നു പറഞ്ഞു. ഇതു കേട്ടാറെ യെരൂശലേമിൽ പോകരുത് എന്ന് ഞങ്ങളും അവിടത്തുകാരും അവനോട് അപേക്ഷിച്ചു. അതിനു പൗലൊസ്: നിങ്ങൾ കരഞ്ഞ് എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു. അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രയ്ക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയ ശിഷ്യനോടുകൂടെ അതിഥികളായി പാർക്കേണ്ടതിനു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി. യെരൂശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy