YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 19:1-20

അപ്പൊ. പ്രവൃത്തികൾ 19:1-20 MALOVBSI

അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലൊസ് ഉൾപ്രദേശങ്ങളിൽക്കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു: നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് അവരോട് ചോദിച്ചതിന്: പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്ന് അവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്ന് അവൻ അവരോട് ചോദിച്ചതിന്: യോഹന്നാന്റെ സ്നാനം എന്ന് അവർ പറഞ്ഞു. അതിനു പൗലൊസ്: യോഹന്നാൻ മാനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്ന് ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൗലൊസ് അവരുടെമേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്ന് അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു. ആ പുരുഷന്മാർ എല്ലാംകൂടി പന്ത്രണ്ടോളം ആയിരുന്നു. പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചു. എന്നാൽ ചിലർ കഠിനപ്പെട്ട് അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാർഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു. അത് രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി. ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ അവന്റെ മെയ്മേൽ നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു. എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു. ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു. ദുരാത്മാവ് അവരോട്: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു. പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്ന് ഓടിപ്പോയി. ഇത് എഫെസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കൊക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു. വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറഞ്ഞ് അറിയിച്ചു. ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ടു. ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy